ഇരിങ്ങാലക്കുട: നിരവധി ക്രിമിനൽ, കഞ്ചാവ് കേസുകളിലെ പ്രതികളും വാടകഗുണ്ടകളുമായ മൂന്നു പേർ ഇരിങ്ങാലക്കുടയിൽ അറസ്റ്റിൽ. പൊറത്തിശ്ശേരി മുതിരപറമ്പിൽ ഗോപി മകൻ ഡ്യൂക്ക് പ്രവീൺ (21), കിഴുത്താണി മേപ്പുറത്ത് സുരേന്ദ്രൻ മകൻ ചിന്നൻ വിഷ്ണു എന്ന വിഷ്ണുപ്രസാദ് (22), ചിറയ്ക്കൽ അയ്യേരി വിൽസൻ മകൻ ബിനിൽ (23) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി.ആർ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസിൽ രാത്രി അതിക്രമിച്ചു കയറിയ കേസിൽ പിടിച്ച വാഹനം കടത്തികൊണ്ടു പോയതും, ആളൂരിൽ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയതും, അർദ്ധരാത്രി എതിരാളികളുടെ വീടാക്രമിക്കാൻ പോകുന്നതിനിടെ ഇവരുടെ വാഹനം തടഞ്ഞ മാള സ്റ്റേഷനിലെ പൊലീസുകാരെ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചതും ഇവരുടെ സംഘമാണ്.
കാട്ടൂരിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവർക്ക് ഇരിങ്ങാലക്കുട കാട്ടൂർ, ആളൂർ, മാള സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ആയുധം കൈവശം വയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം പത്തോളം കേസുകളുണ്ട്. കാർ വാടകയ്‌ക്കെടുത്ത് പഴനിയിൽ നിന്ന് കഞ്ചാവു വാങ്ങാൻ പോകുന്നതിനിടെ പാലക്കാട് വച്ച് കാർ ഇടിച്ചതിനെ തുടർന്ന് ബസിൽ തൃശൂരിൽ തിരികെയെത്തി മറ്റൊരു കാർ വാടകയ്‌ക്കെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. കുറച്ചു ദിവസങ്ങളായി ഇവരുടെ നീക്കങ്ങൾ നീരീക്ഷിച്ചുവരികയായിരുന്ന പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. മഫ്തിയിലെത്തിയ പൊലീസിനെ കണ്ട് സംഘം ചിതറി ഓടുകയായിരുന്നു. ഏറെ ശ്രമകരമായാണ് ഇവരെ കീഴ്‌പ്പെടുത്തിയത്.
നാലരയടി ഉയരവും മുപ്പത്താറു കിലോ തൂക്കവും മാത്രമുള്ളയാളാണ് ഡ്യൂക്ക് പ്രവീൺ. ഊതിയാൽ പറക്കുന്ന പ്രകൃതമാണെങ്കിലും കഞ്ചാവടിച്ചാൽ പരാക്രമിയായി മാറുന്ന സ്വഭാവക്കാരനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഇയാൾ ഇരിങ്ങാലക്കുട കിഴുത്താണി മേഖലയിൽ പലരെയും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു.
എസ്.ഐ: കെ.എസ്. സുബിന്ത്, എ.കെ. മനോജ് ഇ.എസ്. ജീവൻ, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, കൊട്ടിൽ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.