കൊടകര: വല്ലക്കുന്ന് നെല്ലായി പിഡബ്ല്യുഡി റോഡിലെ നെല്ലായി റെയിൽവെ ഗേറ്റിന് 200 മീറ്റർ മാറി ഇരുവശവും ഇടിഞ്ഞ് തകർന്ന റോഡ് നവീകരിക്കാത്തത് അപകടങ്ങൾ പെരുകാൻ ഇടയാക്കുന്നു. ടിപ്പറുകൾ, സ്‌കൂൾ ബസുകൾ, സ്വകാര്യ ബസുകൾ തുടങ്ങി നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന റോഡ് വിള്ളൽ വീണ് അപകടാവസ്ഥയിലാണ്.
ഇരുചക്രവാഹന യാത്രക്കാരാണ് അപകടങ്ങളിൽപ്പെടുന്നതിലേറെയും. രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ ശ്രദ്ധയിൽ പെടാതെ റോഡിന്റെ ഇടിഞ്ഞ പ്രദേശത്താണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത്. പ്രളയത്തിൽ നാല് ദിവസത്തോളം മുങ്ങിക്കിടന്ന റോഡിന്റെ ഇരുവശവും അരക്കിലോമീറ്ററോളം ദൂരം ഇടിഞ്ഞ് കിടക്കുകയാണ്. 20 അടിയോളം ഉയരത്തിൽനിന്ന് ഇടിഞ്ഞുവീണ റോഡിന്റെ സമീപം കാടുപിടിച്ച നിലയിലാണ്. റോഡരികിലെ ഈ വലിയ കുഴികളിൽ വീണാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത്. പ്രളയത്തെ തുടർന്ന് തകർന്ന് കിടക്കുന്ന റോഡിന്റെ നവീകരണത്തിന് യാതൊരു പരിഗണനയും അധികൃതർ നൽകാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് ബൈക്കുകളാണ് ഇവിടെ അപകടത്തിൽപെട്ടത്. യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടുദിവസം മുൻപ് മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ കുഴിയിലേക്ക് സ്‌കൂട്ടർ തെന്നിവീണ് അപകടമുണ്ടായി. ആനന്ദപുരം സ്വദേശി പൊന്നാരി വിത്സനാണ് അപകടത്തിൽ പെട്ടത്. ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷനൽകി വിട്ടയച്ചു. അതേ സ്ഥലത്ത് തൊട്ടടുത്ത ദിവസമുണ്ടായ മറ്റൊരപകടത്തിൽ മുരിയാട് നെടുംപറമ്പിൽ കാർത്തികേയൻ എന്നയാൾക്കും പരിക്കേറ്റു. രണ്ട് അപകടങ്ങളും രാത്രിയിലാണ് സംഭവിച്ചത്.
അധികൃതരുടെ അനാസ്ഥയാണ് ഒരുവർഷം കഴിഞ്ഞിട്ടും തകർന്ന നിലയിൽ കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണെന്ന് യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത്, പറപ്പൂക്കര പഞ്ചായത്ത് മെമ്പർ അമ്പിളി സജീവ്, ജോമി ജോൺ, കെ.കെ. സന്തോഷ്, സെബിൻ ഡേവീസ് ഇല്ലിക്കൽ, ജോസഫ് ഫ്രാൻസീസ് ഇല്ലിക്കൽ, സഞ്ചയ് കെ എന്നിവർ അറിയിച്ചു.
..........................................
റോഡിൽ വിള്ളൽ വീണ് അപകടാവസ്ഥയിൽ
അപകടങ്ങൾ കൂടുതലും രാത്രിയിൽ
അപകടത്തിൽപ്പെടുന്നത് കൂടുതലും ഇരുചക്ര വാഹന യാത്രക്കാർ
പ്രളയത്തിൽ നാല് ദിവസത്തോളം മുങ്ങിക്കിടന്ന റോഡിന്റെ ഇരുവശവും അരക്കിലോമീറ്ററോളം ദൂരം ഇടിഞ്ഞ നിലയിൽ
ഇടിഞ്ഞ റോഡരിക്, അപകടത്തിൽപെട്ട സ്‌കൂട്ടർ