തൃശൂർ: സംസ്ഥാനത്തെ ആദ്യ ആറുവരി ദേശീയ പാതയായ മണ്ണുത്തി- വടക്കഞ്ചേരി റോഡിന്റെയും കുതിരാനിലെ ഇരട്ടത്തുരങ്കങ്ങളുടെയും നിർമ്മാണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രമന്ത്രി ഇടപെടുന്നു. കേന്ദ്ര റോഡ്- ഗതാഗത- ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന അടിയന്തര യോഗം ഇന്ന് രാവിലെ 11.30ന് മന്ത്രിയുടെ ഓഫീസിൽ ചേരും. എട്ടു വർഷം ആയിട്ടും പൂർത്തിയാക്കാത്ത നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തേക്കും.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ടി.എൻ. പ്രതാപൻ എം.പിയും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയിരുന്നു. കുതിരാൻ തുരങ്കം സുരക്ഷാ മാനദണ്ഡം പഠിച്ച് പ്രവർത്തന സജ്ജമാക്കുമെന്ന് കേന്ദ്രമന്ത്രി നേരത്തെ ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. രമ്യ ഹരിദാസ് എം.പി ഉന്നയിച്ച ചോദ്യത്തിനായിരുന്നു നിതിൻ ഗഡ്ഗരിയുടെ മറുപടി.
കുതിരാൻ മേഖലയിൽ മണ്ണിടിച്ചിലും ഗതാഗതക്കുരുക്കും രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌ന പരിഹാര നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. മണ്ണിടിച്ചിലും ഗതാഗതതടസവും കാരണം മണിക്കൂറുകളാണ് യാത്രക്കാർ വഴിയിൽ കുടുങ്ങുന്നത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ, പീച്ചി റോഡ് ജംഗ്ഷനിൽ കോൺഗ്രസ് നിരാഹാര സമരം നടത്തിയിരുന്നു. മറുഭാഗത്ത് എൽ.ഡിഎഫും ഒരു മാസം സമരം നടത്തി. ഇതോടെ മന്ത്രി ജി. സുധാകരൻ പ്രശ്‌നത്തിൽ ഇടപെട്ടു. തുരങ്കമുഖം സന്ദർശിച്ച് ജനുവരി 30നകം തുരങ്കം യാത്രക്കാർക്ക് തുറന്നുകൊടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനം വാക്കിലൊതുങ്ങിയതോടെയാണ് വീണ്ടും സമരവുമായി കോൺഗ്രസ് രംഗത്തിറങ്ങിയത്.
അതേസമയം, റോഡ് നിർമ്മാണം അശാസ്ത്രീയവും അപാകതകൾ നിറഞ്ഞതാണെന്ന് കളക്ടർ വിലയിരുത്തിയിട്ടും മണ്ണുത്തി - വടക്കഞ്ചേരി പാതയിലെ അപകടമരണങ്ങളുടെ കാരണം അശ്രദ്ധയോടെ വണ്ടി ഓടിക്കുന്നത് കൊണ്ടെന്ന് പൊലീസിന്റെ ഔദ്യോഗിക വിശദീകരണവും പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനാണ് മണ്ണുത്തി പൊലീസ് നൽകിയ മറുപടിയിൽ ദേശീയപാത അതോറിറ്റിയെയും കരാറുകാരെയും വെള്ളപൂശി പൊലീസ് റിപ്പോർട്ട് നൽകിയത്. ദേശീയപാതാ വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, മന്ത്രി ജി. സുധാകരന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. നിർമ്മാണം പൂർത്തീകരിക്കാൻ കേന്ദ്രമന്ത്രിയുടെ യോഗത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
കമ്പനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെടും
'' നിർമ്മാണ പ്രവർത്തനങ്ങൾ അകാരണമായി നീട്ടിക്കൊണ്ടുപോയ കമ്പനിക്കെതിരെയും കമ്പനിയെ സംരക്ഷിക്കുന്ന ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന് യോഗത്തിൽ ആവശ്യപ്പെടും.''
-ടി എൻ പ്രതാപൻ എം.പി
സമരവഴി നീളുന്നു
ദേശീയ പാത തകർന്നതിൽ പ്രതിഷേധിച്ച് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുതിരാൻ തുരങ്കമുഖത്തേക്ക് മാർച്ച് നടത്തിയതിനു പിന്നാലെ ഇന്ന് രാവിലെ ഡി.വൈ.എഫ്.ഐ തുരങ്കമുഖത്തു നിന്നും വഴുക്കുംപാറയിലേക്ക് മുൻ എം.പി പി.കെ. ബിജുവിന്റെ നേതൃത്വത്തിൽ മനുഷ്യചങ്ങല നടത്തും.