തൃശൂർ: ചിക്കൻ ബിരിയാണിയും മൂന്ന് ചപ്പാത്തിയും കോഴിക്കറിയുമെല്ലാം അടക്കമുളള കോംബോ ലഞ്ച് വിതരണം വിയ്യൂർ സെൻട്രൽ ജയിലിൽ തുടങ്ങി. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായി കൈകോർത്താണ് വിയ്യൂർ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ നിന്നുള്ള ഓൺലൈൻ ഭക്ഷണ വിതരണം. 20 മിനിറ്റുകൾക്കുള്ളിൽ 55 ഓർഡറുകൾ നൽകിയ ശേഷം ആപ്പ് നിറുത്തി. ഇന്ന് നൂറെണ്ണം വിതരണം ചെയ്യും. ഫുഡ് സേഫ്ടി അസി. കമ്മിഷണർ ജി. ജയശ്രീ ആദ്യ കോംബോ പാർസൽ വിതരണം ചെയ്തു. ജയിൽ സൂപ്രണ്ട് എൻ.എസ്. നിർമ്മലാനന്ദൻ നായർ, ജോയിന്റ് സൂപ്രണ്ട് കെ. അനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് എം.എം. ഹാരിസ്, ഫുഡ് സേഫ്ടി ഓഫീസർ രേഖ എന്നിവർ പ്രസംഗിച്ചു. സ്കോർപിയോൻ കമാൻഡോസും പങ്കെടുത്തു.
ഋഷിരാജ് സിംഗ് ജയിൽ ഡി.ജി.പിയായി ചുമതലയേറ്റെടുത്തശേഷം നൽകിയ നിർദേശപ്രകാരമാണ് ജയിൽ കോംബോ ലഞ്ച് ഒരുങ്ങുന്നത്. പ്രത്യേക ടിന്നുകളിൽ പാക്ക് ചെയ്യുന്ന ഭക്ഷണം പേപ്പർ ബാഗിലാണ് ലഭിക്കുക. 127 രൂപയാണ് വില. കുപ്പിവെള്ളം ഒഴിവാക്കിയാൽ 117 രൂപയ്ക്ക് കോംബോ ലഞ്ച് വീട്ടിലെത്തും. തൃശൂർ നഗരത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് ആദ്യഘട്ടത്തിൽ വിപണനം. വിശദമായ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് വിഭവം വിപണിയിലെത്തുന്നത്.