പുതുക്കാട്: രാത്രിയുടെ മറവിൽ എന്തുമാകാമായിരുന്നു മണ്ണ് മാഫിയക്ക്. അവിടെ പൊലീസും ഗുണ്ടകളും കൊടിയുടെ നിറം നോക്കാതെ നേതാക്കളും ട്രേഡ് യൂണിയനുകളും എല്ലാവരും ഒന്നായിരുന്ന കാലം. നിയമം കർശനമാക്കിയപ്പോൾ അഴിമതി വർദ്ധിച്ചു. പലപ്പോഴും നഷ്ടം സർക്കാരിന് മാത്രം. ജിയോളജി വകുപ്പിന് റോയൽറ്റിയായി ലഭിക്കേണ്ട പണത്തിൽ കിട്ടിയത് യഥാർത്ഥത്തിൽ ലഭിക്കേണ്ടതിന്റെ നൂറിലൊന്നാവും. ദേശീയ പാതയോരത്തെ മണ്ണെടുപ്പ് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് തീർക്കാൻ പൊലീസിന് വെയിൽ കൊള്ളേണ്ടിവന്നതും നാട്ടുകാർ മറന്നിട്ടില്ല. സർക്കാർ ഭൂമിയിൽ നിന്നും കളിമണ്ണ് പട്ടാപകൽ കടത്തികൊണ്ട് പോയി വിറ്റതും പകരം പാഴ് മണ്ണിട്ട് റോഡ് ഉണ്ടാക്കിയതിനും പുതുക്കാട് പഞ്ചായത്തിൽ അത്ര അധികം വർഷങ്ങളുടെ പഴക്കമില്ല. അന്ന് സംഭവങ്ങൾ അങ്ങിനെയായിരുന്നു. എന്നാലിന്ന് സ്ഥിതിമാറി.

കഴിഞ്ഞ മാർച്ച് 22ന് ചെങ്ങാലൂർ പാടശേഖരത്ത് നിന്നാണ് രാത്രിയുടെ മറവിൽ കളിമണ്ണ് കടത്തിയത്. എന്നാലതിന് ഒരു രാത്രിയുടെ ആയുസേ ഉണ്ടായുള്ളൂ. പരാതിക്കാരായ കർഷക കൂട്ടായ്മയെയും, ശാസ്ത്രസാഹിത്യ പരിഷത്തുകാരെയും വിലക്കെടുക്കാൻ മാഫിയക്ക് ആയില്ല. ഗ്രാമ പഞ്ചായത്ത്, കൃഷി, റവന്യു അധികൃതർ എല്ലാം ഉണർന്നു. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ തന്നെ പരിഹാരങ്ങളും ഉണ്ടായി. കടത്തിയ മണ്ണ് എവിടെയെന്ന് കണ്ടെത്തി എടുത്തിടത്തു തന്നെ നിക്ഷേപിക്കാൻ കളക്ടർ ഉത്തരവിട്ടു. അതിനു ശേഷം മാത്രം സ്ഥാപനം പ്രവർത്തിച്ചാൽ മതി എന്ന കർശന നിർദേശം നൽകാൻ പുതിയ കളക്ടർ എസ്. ഷാനവാസ് തയ്യാറായി. കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാൻ പുതുക്കാടിന്റെ മൂന്ന് പെൺകൊടിമാർ നേതൃത്വം നൽകിയതും പുതുമയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, കൃഷി ഓഫീസർ, മിനി മേനോൻ, വില്ലേജ് ഓഫീസർ സന്ധ്യ റാണി എന്നിവരാണ് പ്രശംസ പിടിച്ചുപറ്റിയത്.

........................................

പുകപോലുമില്ലാതെ ഓട്ടുകമ്പനികൾ

പരമ്പരാഗത വ്യവസായം, സംഘടിത ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ, പുതുക്കാട് മണലി മേഖല ഓട് വ്യവസായത്തിന്റെ സിരാകേന്ദ്രമായിരുന്ന കാലം. ആയിരങ്ങളുടെ ഉപജീവനം, ഉപതൊഴിലുകൾ, നാടിന്റെ സാമ്പത്തിക പുരോഗതിക്ക് എറെ ഗുണം ചെയ്ത കാലം. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഓടു വ്യവസായത്തിന്റെ തകർച്ച കണ്ടു തുടങ്ങി. അപ്പോഴക്കും നാടിന്റെ ഭൂമി ശാസ്ത്രം മാറി. നെൽവയലുകൾ കാണാതായി. നടിൽ, വിത, കൊയ്ത്ത് തുടങ്ങിയ പരമ്പരാഗത തൊഴിലുകൾ ഇല്ലാതായി. പാടശേഖരങ്ങളും നീർച്ചോലകളും നാടുനീങ്ങി. കൃഷിയിടങ്ങൾ വെള്ളക്കുഴികളായി. ചണ്ടിയും പുല്ലും വളർന്നു. മറ്റു ജില്ലകളിൽ നിന്നുവരെ കൊണ്ടുവരുന്ന മനുഷ്യവിസർജ്യം ഉപേക്ഷിക്കുന്നിടമായി മാറി. നാടിന് അലങ്കാരമായിരുന്ന ഓട്ടുകമ്പനികളുടെ പുകക്കുഴലുകൾ ഓരോന്നോരോന്നായി അപ്രത്യക്ഷമായി. ചിലയിടങ്ങളിൽ മണിമാളികകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ ഉയർന്നു. പലയിടത്തും ഹൗസിംഗ് പ്ലോട്ടുകളായി. മുതലാളിമാർ മറ്റു പല വ്യപാരങ്ങളിലേക്കും കളം മാറി. നാട്ടുകാരായ തൊഴിലാളി സമൂഹം തന്നെ ഇല്ലാതായി. പകരം അന്യസംസ്ഥാന തൊഴിലാളികളെത്തി.

ഇതിനിടെ ചിലർക്ക് അക്കിടി പറ്റി. മോഹവില നൽകി വാങ്ങിക്കുട്ടിയ കൃഷിയിടങ്ങളിൽ ഖനനം പ്രയാസമുള്ള കാര്യമായി. ഭൂമി കൈമാറ്റവും എളുപ്പമല്ലാതാക്കി.