തൃശൂർ: ശ്രീ കേരളവർമ കോളേജിൽ എസ്.എഫ്.ഐയും പ്രിൻസിപ്പലുമായുള്ള ശീതസമരം തീർക്കാൻ സി.പി.എം രംഗത്ത്. ഇതോടെ പ്രിൻസിപ്പൽ ഡോ. എ.പി. ജയദേവൻ രാജി തീരുമാനത്തിൽ നിന്നു പിൻവാങ്ങുമെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കു പ്രിൻസിപ്പലുമായി കോളേജ് മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികൾ ചർച്ച നടത്തും. വിഷയം രമ്യമായി പരിഹരിക്കണമെന്ന് ദേവസ്വം ബോർഡിനോടു സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്.
കോളേജ് യൂണിയൻ ചെയർമാനോടു പ്രിൻസിപ്പൽ കയർത്തു സംസാരിച്ചതായാണ് എസ്.എഫ്.ഐയുടെ പരാതി. എസ്.എഫ്.ഐയുടെ ഈ നിലപാടിനെയും സി.പി.എം ഗൗരവമായി കാണുന്നു. തുടർച്ചയായി പ്രശ്‌നങ്ങളുണ്ടാക്കുന്ന യൂണിറ്റായി കേരളവർമ മാറുന്നത് ശരിയല്ലെന്ന് പാർട്ടി താക്കീത് ചെയ്തതായാമ് അറിവ്. നേരത്തെ ശബരിമല അയ്യപ്പനെ വികൃതമായി ചിത്രീകരിച്ച ബോർഡ് വച്ച് എസ്.എഫ്.ഐ വിവാദമുണ്ടാക്കിയിരുന്നു. ഇതിലും പാർട്ടി അതൃപ്തി അറിയിച്ചു.
രാജി പിൻവലിക്കണമെന്ന് എ.കെ.പി.സി.ടി.എ നേതാവ് കൂടിയായ പ്രിൻസിപ്പലിനു മേൽ സംഘടനാതലത്തിലും സമ്മർദ്ദമുണ്ട്. പ്രിൻസിപ്പലിനെതിരെ എസ്.എഫ്.ഐ കുറച്ചു കാലമായി സമരത്തിലാണ്. അതേസമയം സീനിയോറിറ്റി മറികടന്നാണ് ജയദേവനെ നിയമിച്ചതെന്ന തർക്കത്തിൽ ഹൈക്കോടതി വിധി വരാനിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ടാണ് പ്രിൻസിപ്പൽ രാജി സമർപ്പിച്ചതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.