ചെറുതുരുത്തി: ഭാരതപ്പുഴയിൽ കുളിപ്പിക്കാനിറങ്ങിയ കൊമ്പൻ കരയ്ക്ക് കയറാതെ പാപ്പാൻമാരെ വട്ടം കറക്കിയത് 6 മണിക്കൂർ. പാലക്കാട് ജില്ലയിലെ ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോയിരുന്ന ആനയെ ബുധനാഴ്ചയും പുഴയിലിറക്കി കുളിപ്പിച്ചിരുന്നു. ബുധനാഴ്ച ഷൊർണൂരിൽ തന്നെ നിറുത്തിയ ശേഷം ഇന്നലെ രാവിലെ 11.30 ഓടെ വീണ്ടും നിളയിൽ നീരാട്ടിനിറക്കി. എന്നാൽ തലേ ദിവസത്തെ കുളിയിൽ രസം പിടിച്ച കൊമ്പൻ വെള്ളത്തിലിറങ്ങിയതോടെ മട്ടു മാറി.

കുളി കഴിഞ്ഞിട്ടും വെള്ളത്തിൽ നിന്നും കയറാതെ കുറുമ്പുകാട്ടുകയായിരുന്നു. ഇതോടെ പാപ്പാന്മാരും ബുദ്ധിമുട്ടിലായി. അടാട്ട് പരമു ( പാണഞ്ചേരി പരമു) എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊമ്പനാണ് മണിക്കൂറുകളോളം പാപ്പാന്മാരെയും നാട്ടുകാരെയും മുൾമുനയിൽ നിറുത്തിയത്. ഇതിനിടെ അടുത്തെത്തിയ രണ്ടാം പാപ്പാനെ വെട്ടിത്തിരിഞ്ഞ് കുത്താൻ തുടങ്ങിയതോടെ പരിഭ്രാന്തി ഇരട്ടിയായി. ഊളിയിട്ട് പാപ്പാൻ രക്ഷപ്പെടുകയായിരുന്നു. കൂടുതൽ ആഴത്തിലേക്കു നീങ്ങിയെങ്കിലും തൊട്ടടുത്ത പാലത്തിലൂടെ ട്രെയിൻ ചൂളമടിച്ചു വരുന്ന ശബ്ദം കേട്ട് പിൻമാറുകയായിരുന്നു.

വൈകുന്നേരത്തോടെ കരയ്ക്കു സമീപമെത്തിയെങ്കിലും പാപ്പാൻ അടുത്തെത്തിയതോടെ വീണ്ടും ആന വെള്ളത്തിലേക്കിറങ്ങി. ആഴങ്ങളിലേക്കു പോയും കരയ്ക്കടുത്തും കുറുമ്പുകാട്ടി ജല കേളി തുടർന്ന ആനയെ നിരന്തര ശ്രമത്തിനൊടുവിൽ അഞ്ചരയോടെയാണ് കരയ്ക്കെത്തിച്ചത്.