അന്തിക്കാട്: ജില്ലയിലെ ഏറ്റവും വിസ്തൃതവും പ്രശ്നബാധിതപ്രദേശവുമായ അന്തിക്കാട്ടെ പൊലീസ് സ്റ്റേഷനിൽ എട്ടുമാസത്തിനിടെ സ്ഥലം മാറിയത് നാല് എസ്.ഐമാർ. പ്രളയകാലത്ത് ഉൾപ്പെടെ രണ്ട് വർഷത്തോളം സ്തുത്യർഹസേവനം ചെയ്ത എസ്.ഐ: എസ്.ആർ. സനീഷ് ചേർപ്പിലേക്ക് സ്ഥലം മാറിയശേഷം പിന്നീട് സ്ഥിരം നിയമനം നടന്നിട്ടില്ല. ഇത് കേസ് അന്വേഷണത്തെയും സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.
സനീഷിന് ശേഷമെത്തിയ കെ.എസ്. സൂരജ് മൂന്നുമാസമേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ വൻമയക്കുമരുന്ന് വേട്ടയും ഇവിടെ നടന്നിരുന്നു. തിരഞ്ഞെടുപ്പ് ക്രമീകരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നിന്നെത്തിയ സംഗീത് പുനത്തിലിനായിരുന്നു പിന്നീട് ചാർജ്. തിരഞ്ഞെടുപ്പിന് ശേഷം അതിരപ്പിള്ളി സ്റ്റേഷനിൽ നിന്നും സുജിത് ജി. നായർ എത്തിയെങ്കിലും അദ്ദേഹത്തിനും അന്തിക്കാട് സ്റ്റേഷനിൽ വാഴാനായില്ല.
റിയൽ എസ്റ്റേറ്റുകാരെ ബന്ദിയാക്കിയ 13 പേരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തത് സുജിത്തായിരുന്നു. ചാഴൂരിൽ മകൻ പട്ടിണിക്കിട്ട അമ്മയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചതും വാർത്ത ശ്രദ്ധയിൽപ്പെട്ട കളക്ടർ എസ്. ഷാനവാസ് അഗതി മന്ദിരത്തിലാക്കിയതും അടുത്തിടെയാണ്. ചാർജെടുത്ത് സ്റ്റേഷൻ പരിചയപ്പെട്ടുവരുമ്പോഴേക്കും കിട്ടി സുജിത്തിനും സ്ഥലംമാറ്റം. കാട്ടൂരിലേക്കാണ് സുജിത്തിന്റെ മാറ്റം.
കയ്പമംഗലത്ത് നിന്നുള്ള എസ്.ഐ: കെ.ജെ. ജിനേഷാണ് പുതുതായി ചാർജ്ജെടുക്കുന്നത്. ഉദ്യോഗസ്ഥരുടെ നിരന്തരം സ്ഥലംമാറ്റുന്നതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും, ക്രിമിനൽ സംഘങ്ങൾക്ക് വേണ്ടിയുള്ള ഒത്താശയും കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. എസ്.ഐമാർ മാറിവരുന്നത് പോലെ ആവശ്യത്തിന് സിവിൽ പൊലീസ് ഓഫീസർമാരും മറ്റും ഇല്ലാത്തതും സ്റ്റേഷൻ പ്രവർത്തനം താളം തെറ്റിക്കുന്നുണ്ട്.
എസ്.എച്ച്.ഒ ഇല്ലാതെ 3 മൂന്നുമാസം.
കഞ്ചാവ് ഗുണ്ടാ സംഘങ്ങളുടെ ശല്യം രൂക്ഷമായ സ്റ്റേഷൻ പരിധിയിൽ എസ്.എച്ച്.ഒ അധികാരം സി.ഐക്കാണ്. എന്നാൽ സി.ഐ ഇല്ലാതെ മൂന്നാഴ്ചയായി. സി.ഐയുടെ ചാർജുള്ള മനോജ് കുമാർ അവധിയിലാണെങ്കിലും പകരം നിയമനമോ ചാർജോ ആർക്കും നൽകിയിട്ടില്ല.
അന്വേഷണം വഴിമുട്ടിയ കേസുകൾ
7 മാസത്തിനിടെ മോഷ്ടിക്കപ്പെട്ടത് 15 പവൻ, അന്വേഷണം എങ്ങുമെത്തിയില്ല
അന്തിക്കാട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തിയ പ്രദിന്റെ കേസ് വഴിമുട്ടി
ഇരുതലമൂരി കച്ചവടവുമായി ബന്ധപ്പെട്ട തട്ടികൊണ്ടുപോകൽ കേസ്