മണ്ണുത്തി: പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുതിരാനിലേക്ക് മാർച്ച് നടത്തി. മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം അനിശ്ചിതമായി നിലച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് അദ്ധ്യക്ഷനായി. നിലവിലെ യാത്രാപ്രതിസന്ധിക്ക് കേന്ദ്രസർക്കാരും കുതിരാൻ തുരങ്കം തുറന്ന് കൊടുക്കുമെന്ന് മൂന്നു തവണ ഉറപ്പുനൽകിയ കേരള സർക്കാരും ഒരുപോലെ കാരണക്കാരാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കുതിരാൻ റോഡിന് ഇരുഭാഗത്തുമുള്ള മണ്ണിടിഞ്ഞ പ്രദേശങ്ങളിൽ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു.
സമരത്തെ തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. നേതാക്കളെ അറസ്റ്റുചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ് ഉൾപ്പെടെ പത്തോളം പേരുടെ പേരിലാണ് കേസ്. യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് പ്രസിഡന്റ് പാളയം പ്രദീപ്, ലീലാമ്മാ തോമസ്, ടി.എം. രാജീവ് , അനിൽ പൊറ്റെക്കാട് , ജോസ് പാലോക്കാരൻ, ടി.എസ്. മനോജ് കുമാർ, ബാബു തോമസ്, ജിനി ജോയി, ബിന്ദു കാട്ടുങ്ങൽ, കെ.പി. എൽദോസ് തുടങ്ങിയവർ സംസാരിച്ചു...