തൃശൂർ: പാടത്തും പറമ്പിലും മഴയത്ത് മുളച്ചുവളരാറുള്ള, വെറും പുല്ലാണെന്ന് പലരും കരുതിപ്പോന്ന ഞൊട്ടാഞൊടിയൻ്റെ പഴങ്ങൾ കേരളത്തിൽ നിന്നാണ് വിദേശങ്ങളിൽ എത്തുന്നതെന്ന് കരുതിയതെങ്കിൽ തെറ്റി. ഇവയുടെ 'കുടുംബാംഗങ്ങൾ' തായ് ലാൻഡ്, കൊളമ്പിയ, ഫിലിപ്പൈൻസ് 'സുന്ദരി'കളായാണ് യു.എ.ഇയിലേുയം മറ്റും സൂപ്പർമാർക്കറ്റുകളിൽ വിലസുന്നത്. ഇളം ചുവപ്പ് കലർന്ന സ്വർണ്ണനിറവും സാധാരണയിലേറെ വലിപ്പവുമുളള ഞൊട്ടാഞൊടിയൻപഴങ്ങളുടെ വില കേട്ടാൽ ഞെട്ടും. നൂറ് ഗ്രാമിന് 5.50 ദിർഹം, അതായത് 102.66 രൂപ. 10 എണ്ണമുളള പാക്കറ്റിന് വില ഒമ്പത് ദിർഹം, 168 രൂപ !
സൂപ്പർമാർക്കറ്റുകളിലെ ഞൊട്ടാഞൊടിയൻപാക്കറ്റുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നേരിയ പുളിയോടു കൂടിയ മധുരവും രുചിയുമാണ് വിപണിമൂല്യം കൂടാൻ ഇടയാക്കിയതെന്നാണ് പറയുന്നത്. പുത്തൻ പഴവർഗങ്ങളോട് താത്പര്യം കൂടുന്നതും കാരണമാണെന്ന് പറയുന്നു. വലിപ്പം കൂടിയ പഴങ്ങളാണ് (ശാസ്ത്രീയ നാമം: ഫൈസാലിസ് പെറുവിയാന)
ദ്വീപ് സമൂഹങ്ങളിൽ നിന്ന് അറേബ്യൻരാജ്യങ്ങളിലെത്തുന്നത്. ഇവ മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലുമുണ്ട്. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ കാണുന്നത് ചെറിയ പഴങ്ങളാണ് (ഫൈസാലിസ് മിനിമ). മൃദുവായ പഴങ്ങളുമുണ്ട്(ഫൈസാലിസ് വെർജിനിയാന). അത് അപൂർവമാണ്.
സവിശേഷതകൾ
മഴക്കാലത്ത് വിത്ത് മുളച്ച് പൂക്കും, കായ്ക്കും.
വേനലിൽ കരിയും.
പച്ചപ്പഴത്തിന് ചവർപ്പ് രുചി.
ചെറിയ രോമങ്ങളോടുകൂടി മൃദുകാണ്ഡങ്ങൾ.
ഇലകൾ അണ്ഡാകൃതിയിൽ.
ചെറിയ മഞ്ഞപ്പൂക്കൾ.
പഴങ്ങൾ ആവരണത്തിനുള്ളിൽ.
ഔഷധഗുണങ്ങൾ
1. കുട്ടികളുടെ അപസ്മാരത്തിനും ഓട്ടിസത്തിനും ബുദ്ധിവികാസത്തിനും ഫലപ്രദം
2. ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായതിനാൽ പ്രമേഹം നിയന്ത്രിക്കാനാകും.
3. സോറിയാസിസ് അടക്കമുളള ത്വക്ക് രോഗങ്ങൾക്ക് ചെടി സമൂലം കഷായമായി നൽകാറുണ്ട്.
4. സിറോസിസ്, മഞ്ഞപ്പിത്തം തുടങ്ങിയ കരൾ, പ്ലീഹാരോഗങ്ങളിൽ ഒറ്റമൂലി
5. ചുട്ടു നീറ്റൽ കുറയ്ക്കും, മൂത്രസഞ്ചിയിലെ രോഗങ്ങൾക്കും സന്ധിവാതത്തിനും ഫലപ്രദം
6. ചീത്ത കൊളസ്‌ട്രോൾ കുറച്ച് ഹൃദയത്തെ ആരോഗ്യമുള്ളതാക്കും
7. വിറ്റാമിൻ സി യുടെ കലവറ. ഫോസ്ഫറസ്, പൊട്ടാസിയം, കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയുമുണ്ട്.
പലപേരുകൾ
മുട്ടാമ്പുളി, ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ, ഞൊറിഞ്ചൊട്ട, ഞൊട്ടയ്ക്ക...
''ത്വക്ക് രോഗങ്ങൾക്കുളള ജാത്യാദി എണ്ണ, പാരന്ത്യാദി എണ്ണ, ജാത്യാദി നെയ്യ് തുടങ്ങിയ ഔഷധങ്ങളിൽ ഞൊട്ടാഞൊടിയൻ ഉപയോഗിക്കുന്നുണ്ട്. ഡിമാൻഡ് കൂടുമ്പോൾ കൂടുതലായി കൃഷി ചെയ്ത് കയറ്റുമതി ചെയ്യാനുളള സാദ്ധ്യത ആലോചിക്കാവുന്നതാണ്. ''
- കെ.വി. ഉത്തമൻ, ഔഷധി എം.ഡി, ഔഷധസസ്യ ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ.
''ഞൊട്ടാഞൊടിയൻ്റെ ഹൈബ്രിഡ് ഇനങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നുണ്ട്. ചെറിയ തക്കാളിയുടെ വലിപ്പമുണ്ട് പഴങ്ങൾക്ക്. വിപണിയിൽ പുതിയ ഇനങ്ങൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. ''
- ഡോ. പി. സുജനപാൽ, ശാസ്ത്രജ്ഞൻ, സിൽവികൾച്ചർ വിഭാഗം, കേരള വനഗവേഷണകേന്ദ്രം.