തൃശൂർ: രാമായണ മാസം എത്തുകയായി. ബുധനാഴ്ച കർക്കടകം ഒന്ന്. തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം ശ്രുതിമധുരമായി വായിക്കുന്നത് ആൻഡ്രോയ്ഡ് മൊബൈലിലും ഇനി കേൾക്കാം. അതിലൂടെ സ്വയം പാരായണം ചെയ്യാം. രാമായണത്തിലെ സവിശേഷ മുഹൂർത്തങ്ങളുടെ ചിത്രങ്ങളും കാണാം.
പ്ളേ സ്റ്റോറിൽ രാമായണ പാരായണം എന്ന് ഇംഗ്ലീഷിൽ ടെെപ്പ് ചെയ്താൽ എഴുത്തച്ഛന്റെ ചിത്രമുളള ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. പാരായണ ക്രമത്തിൽ രാമായണം വായിക്കുന്നതിനുള്ള സംവിധാനവുമുണ്ട്.
16 ജി.ബിയുളള ആപ്പ്, കേച്ചേരി തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ എം.സി.എ വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഒരു വർഷം കൊണ്ട് തയ്യാറാക്കിയത്.
രാമായണത്തെ ദൃശ്യാനുഭവമാക്കുന്നതിന് രണ്ട് വ്യത്യസ്ത ശൈലികളിലുള്ള ചിത്രങ്ങളാണ് ചേർത്തിട്ടുള്ളത്: മേവാർ രാജാവായിരുന്ന ജഗത്സിംഗിന്റെ നിർദ്ദേശാനുസരണം 1648-53 കാലഘട്ടത്തിൽ തയ്യാറാക്കിയ മേവാർ രാമായണത്തിലെ ചിത്രങ്ങൾ ആലാപന ഭാഗത്തുണ്ട്. 1916 ൽ പ്രസിദ്ധീകരിച്ച ചിത്രരാമായണത്തിന് ഔന്ധ് നാട്ടുരാജാവായിരുന്ന ബാലാസാഹിബ് പണ്ഡിറ്റ് പന്ത് വരച്ച ചിത്രങ്ങൾ പാഠഭാഗത്തും. 'ഹനുമാൻ ചാലീസ'യുടെ പാഠവും ആലാപനവും ഉൾക്കൊള്ളുന്ന യൂ ട്യൂബ് വീഡിയോയിലേക്കും, നിപ്പോൺ രാമായണ ഫിലിംസ് തയ്യാറാക്കിയ, 2 മണിക്കൂർ 11 മിനിട്ട് ദൈർഘ്യമുള്ള രാമായണ ആനിമേഷൻ (ഹിന്ദി) വീഡിയോയിലേക്കുമുള്ള ലിങ്കുകളുമുണ്ട്. ജ്യോതിബായ് പരിയാടത്തിന്റേതാണ് ആലാപനം.
പാരായണം ചെയ്യുന്നത് കേൾക്കാൻ ഇന്റർനെറ്റ് വേണം. വായിക്കുന്നതിന് വേണ്ട.
103 പേജുള്ള തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രം, നെറ്റില്ലെങ്കിലും വായിക്കാം.
'' ആൻഡ്രോയ്ഡ് സിലബസിൽ പഠിക്കാനുണ്ട്. അത് സംബന്ധിച്ച് ലാബുമുണ്ട്. അതിനുളള മാതൃകയെന്ന നിലയിലും ആധുനികകാലത്ത് രാമായണത്തിന്റെ പ്രചാരണത്തിനുമായാണ് ആപ്പ് ഒരുക്കിയത്. മതം, വിജ്ഞാനം, വിനോദം എന്നിങ്ങനെ വ്യത്യസ്ത മേഖലയിലുള്ള കൃതികൾ മൊബൈൽ ഫോണിലൂടെ ലഭ്യമാക്കാനുള്ള ആദ്യ ചുവടുവയ്പാണിത്.
-ഡോ.വി.എൻ. കൃഷ്ണചന്ദ്രൻ,
എം.സി.എ വിഭാഗം മേധാവി,
വിദ്യ എൻജി. കോളേജ്.