തൃശൂർ: ശോചനീയാവസ്ഥയിലായ മണ്ണുത്തി - വടക്കഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിർമ്മാണം ഉടൻ പുനരാരംഭിക്കും. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അദ്ദേഹത്തിന്റെ ഓഫിസിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഇതുസംബന്ധിച്ച് നിർണായക തീരുമാനമായി. ടി.എൻ. പ്രതാപൻ എം.പിയുടെ ഇടപെടലിലാണ് കേന്ദ്ര മന്ത്രാലയത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം നടന്നത്.
താറുമാറായ ഗതാഗത പ്രശ്‌നം പരിഹരിക്കാൻ 90 ശതമാനം നിർമ്മാണം പൂർത്തിയായ തുരങ്കം തുറന്നുകൊടുക്കാനുള്ള നടപടികൾ വേഗത്തിലാക്കും.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തുരങ്കത്തിനുള്ളിൽ ലൈറ്റ് സ്ഥാപിക്കുന്നതിന് പുറമെ വനം വകുപ്പിന്റെ അനുമതി കൂടി ലഭിച്ചാൽ ഗതാഗതത്തിനായി തുറക്കാം. വനം വകുപ്പിന്റെ അനുമതി വാങ്ങിക്കൊടുക്കുന്നതിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനം യോഗത്തിലുയർന്നു. മണ്ണുത്തി - വടക്കഞ്ചേരി റോഡ് നിർമ്മാണം 80 ശതമാനം പൂർത്തിയായിട്ടുണ്ട്. കരാർ ഏറ്റെടുത്ത കമ്പനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് നിർമ്മാണം നിലയ്ക്കാൻ കാരണം. ഇതു പരിഹരിക്കാൻ കമ്പനി എൽ.എൻ.ടി ഫിനാൻസിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് കേന്ദ്ര സർക്കാർ മികച്ച പിന്തുണ നൽകും. കമ്പനിക്ക് ഫണ്ട് ലഭ്യമാകുന്നതോടെ കാലതാമസമില്ലാതെ നിർമ്മാണം തുടരുകയും റോഡ് തുറന്നുകൊടുക്കുകയും ചെയ്യും.

നിലവിൽ പണി പൂർത്തിയായ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്ന് മന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു. അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് മന്ത്രി യോഗത്തിൽനിർദ്ദേശം നൽകി. കേന്ദ്രമന്ത്രി വി. മുരളീധരൻ, ടി.എൻ. പ്രതാപൻ എം.പി, രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, എൻ.കെ. പ്രേമചന്ദ്രൻ, ഹൈബി ഈഡൻ, എം.കെ. രാഘവൻ, ഡീൻ കുരിയാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, എ.എം. ആരിഫ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. റോഡ് ട്രാൻസ്‌പോർട് ഹൈവേയുടെ സെക്രട്ടറി, റോഡ് ഡെവലപ്‌മെന്റിന്റെ ഡയറക്ടർ ജനറൽ, ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയുടെ ചെയർമാൻ, ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലും ഇടപെട്ട സാമൂഹിക പ്രവർത്തകൻ അഡ്വ. ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

തീരുമാനങ്ങൾ ഇവ

90 ശതമാനം നിർമ്മാണം പൂർത്തിയായ തുരങ്കം തുറന്നുകൊടുക്കാനുള്ള നടപടികൾ വേഗത്തിലാക്കും

ലൈറ്റ് സ്ഥാപിച്ച് വനംവകുപ്പ് അനുമതി ലഭിച്ചാൽ തുരങ്കം തുറന്നുകൊടുക്കും

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കമ്പനി എൽ ആൻഡ് ടി ഫിനാൻസിൽ നിന്ന് ഫണ്ട് സ്വരൂപിച്ചേക്കും

....................

കെ.എം.സി. കമ്പനി കരാർ ലംഘനം നടത്തി. അവരെ ഒഴിവാക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവർ കോടതിയിൽ പോയി സ്റ്റേ വാങ്ങിയാൽ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നിറുത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടാകും. നിലവിൽ പൂർത്തിയായ റോഡിന്റെ സ്ഥിതി മോശമായതിനാൽ അപകടങ്ങൾ കുറയ്ക്കാനുള്ള സംവിധാനങ്ങളും അറ്റകുറ്റപ്പണികളും ഉടൻ ചെയ്യും. തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ സംസ്ഥാന വനം വകുപ്പിന്റെ ക്ലിയറൻസ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് നേടിക്കൊടുക്കണം. ഇത് ഉറപ്പാക്കാനായാൽ ഉടൻ തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കും.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

യോഗത്തിൽ പറഞ്ഞത്..