തൃശൂർ: ട്രെയിൻ വൈകുന്തോറും യാത്രക്കാരായ സ്ത്രീകളുടെ മനസ് മാത്രമല്ല, പെൺമക്കളെ വീട്ടിൽ കാത്തിരിക്കുന്ന അമ്മമാരുടെ നെഞ്ചകം കൂടി പിടയും. അവർ പ്രാർത്ഥിക്കുന്നു, വീണ്ടുമൊരു സൗമ്യ കൂടി ഉണ്ടാകരുതേ... ? എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിൻ പതിവായി വീണ്ടും വൈകുന്നതിലുള്ള പ്രതിഷേധം പ്രാർത്ഥനയിലൂടെയാണ് യാത്രക്കാരും വീട്ടുകാരും മറികടക്കുന്നത്. സൗമ്യയുടെ ദാരുണ മരണത്തിന് ശേഷം വൈകിട്ട് എട്ടോടെ ട്രെയിൻ ഷൊർണൂരിലെത്തുമായിരുന്നു. സുരക്ഷയ്ക്കായി ലേഡീസ് കംപാർട്ട്മെന്റിൽ പ്രത്യേകിച്ചും മറ്റു കംപാർട്ട്മെന്റുകളിലും പൊലീസിന്റെ സുരക്ഷയുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എറണാകുളത്തു നിന്ന് വൈകീട്ട് 5.35ന് പുറപ്പെടുന്ന ട്രെയിൻ പലയിടത്തും പിടിച്ചിടുന്നതിനാൽ ഷൊർണൂരിലെത്താൻ വളരെ വൈകും. രാത്രി 9.40ന് ഷൊർണൂരിലെത്തേണ്ട ട്രെയിൻ കഴിഞ്ഞ ദിവസം തൃശൂരിലെത്തിയത് തന്നെ ഒമ്പതരയ്ക്കാണ്. അഞ്ചിടങ്ങളിൽ മറ്റ് ട്രെയിനുകൾ കടത്തിവിടാനായി പിടിച്ചിട്ടതിനാലാണ് ട്രെയിൻ തൃശൂരിലെത്താൻ രണ്ടരമണിക്കൂറിലധികം താമസിച്ചത്. തൃശൂർ വിട്ടാൽ പിന്നെ വിജനമായ സ്ഥലത്തു കൂടെയാണ് ട്രെയിൻ യാത്ര തുടരുന്നത്. ലേഡീസ് കമ്പാർട്ട്‌മെന്റിൽ ആരെങ്കിലും കയറിയാൽ ഒന്നും ചെയ്യാനാകില്ല. ഇപ്പോൾ സഹായത്തിന് പൊലീസില്ല. ചിലപ്പോൾ സ്ത്രീ യാത്രക്കാരുടെ എണ്ണവും കുറവായിരിക്കും.
ഇപ്പോഴും യാചക ശല്യം
ഗോവിന്ദച്ചാമിയെ പോലുള്ളവർ യാചകരുടെ വേഷത്തിൽ ഇപ്പോഴും ട്രെയിനുകളിൽ കയറിയിരിക്കുന്നുണ്ട്. പേടിച്ച് വിറച്ചാണ് യാത്ര തുടരുന്നത്. എന്തെങ്കിലും സംഭവിച്ചാൽ ആരെയെങ്കിലും അറിയിച്ചാലും ജീവൻ തിരിച്ചു പിടിക്കാനുള്ള സമയം കിട്ടില്ല. അത്രയ്ക്ക് കൂരിരുട്ടുള്ള സ്ഥലത്തു കൂടെയാണ് രാത്രി യാത്ര
സിന്ധു (യാത്രക്കാരി)
സുരക്ഷ ഒരുക്കണം
പാസഞ്ചർ ട്രെയിൻ ഇത്രയും വൈകി ഓടാൻ അനുവദിക്കരുത്. ജോലിക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് അവരെപ്പോഴും യാത്ര ചെയ്യുന്ന ട്രെയിനും. അതിലുണ്ടാകുന്ന പാകപ്പിഴകൾ അവരുടെ ജീവിതത്തിലും ബാധിക്കും. രാത്രി വൈകിയോടുന്ന ഇത്തരം ട്രെയിനുകൾക്ക് നിർബന്ധമായും വേണ്ടത്ര സുരക്ഷ അധികാരികൾ ഉറപ്പാക്കണം.
- പി. കൃഷ്ണകുമാർ (തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ, ജനറൽ സെക്രട്ടറി)
ആരുണ്ട് ചോദിക്കാൻ
എറണാകുളം പുറപ്പെടൽ 5.35
ഷൊർണൂർ എത്തിച്ചേരൽ പ്രതീക്ഷിത സമയം രാത്രി 9.40 (തോന്നുംപടി വന്നുചേരും)
കഴിഞ്ഞദിവസം തൃശൂർ എത്തിച്ചേരൽ രാത്രി 9.30