തൃശൂർ : സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ പത്ത് ശതമാനത്തിൽ നിന്ന് 12 .5 ശതമാനമാക്കി വർദ്ധിപ്പിക്കാനുള്ള ബഡ്ജറ്റ് നിർദ്ദേശം സ്വർണ്ണക്കള്ളക്കടത്തും കള്ളക്കച്ചവടവും വ്യാപിപ്പിക്കുമെന്ന് ആഭരണ നിർമ്മാണ വിപണന തൊഴിലാളി സംയുക്ത കോർഡിനേഷൻ കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയത് മൂലം വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന സ്വർണ്ണാഭരണ മേഖലയെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള നിർദേശം കൂടുതൽ പ്രതിസന്ധിയിലെത്തിക്കും. ഇതിനെതിരെ യോജിച്ച പ്രക്ഷോഭ പ്രവർത്തനം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി ഓഫീസിൽ ചേർന്ന യോഗത്തിൽ ജ്വല്ലറി മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌സൺ മാണി അദ്ധ്യക്ഷത വഹിച്ചു. കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ.ബി. സുകുമാരൻ (സി.ഐ.ടി.യു ) മേഖല നേരിടുന്ന വിഷയം വിശദീകരിച്ചു. വിവിധ സംഘടനാ നേതാക്കളായ രാജേഷ് തിരുത്തോളി, ഇ. ഉണ്ണിക്കൃഷ്ണൻ (ഐ.എൻ.ടി.യു.സി ), പി. വിജയകുമാർ, പി.ഡി. ലോനപ്പൻ (എച്ച് .എം.എസ് ), കെ.വി. ചന്ദ്രൻ, പി.കെ. ഭാസ്‌കരൻ, സി.എൻ. രവീന്ദ്രൻ (സി.ഐ.ടി.യു ), സി.കെ. സുബ്രഹ്മണ്യൻ (ട്രെഡീഷണൽ ഗോൾഡ് വർക്കേഴ്‌സ് യൂണിയൻ ), മനോജ് മച്ചാട് (സുവർണ്ണകാർ സംഘം) എന്നിവർ സംസാരിച്ചു..