കൊടുങ്ങല്ലൂർ: നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും കൗൺസിൽ യോഗം വിപുലമായ പദ്ധതിക്ക് രൂപം നൽകി. ശാസ്ത്രീയമായി ജൈവ - അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനാംഗങ്ങൾ നേരിട്ടു പോയി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ശേഖരിക്കും. പുനരുപയോഗം ചെയ്യാവുന്ന ലോഹവസ്തുക്കൾ, പഴയ റബ്ബർ - പ്ലാസ്റ്റിക് സാധനങ്ങൾ, ചെരിപ്പ്, ബാഗ്, കുട, മരുന്ന് സ്ട്രിപ്പുകൾ, ടൂത്ത് പേസ്റ്റ് ട്യൂബുകൾ, ബൾബ് ഇലക്ട്രോണിക് മാലിന്യം എന്നിവ ശേഖരിക്കാനും പദ്ധതി തയ്യാറാക്കും.
ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് വീടുകളിലേക്ക് കമ്പോസ്റ്റർ പോട്ടുകൾ വിതരണം ചെയ്യും. 1800 വിലയുള്ള പോട്ട് സബ്സിഡി കഴിച്ച് 180 രൂപയ്ക്ക് നൽകും. പൈപ്പ് കമ്പോസ്റ്റുകളും ബയോഗ്യാസ് പ്ലാന്റുകളും സൗജന്യ നിരക്കിൽ നഗരസഭ നൽകും. ഹരിത കർമ്മ സേനയക്ക് സോഷ്യോ ഇക്കണോമിക് യൂണിറ്റിന്റെ നേതൃത്വത്തിൽ ജുലായ് 19ന് രണ്ട് കേന്ദ്രങ്ങളിലായി പരിശീലനം നൽകും. പിന്നീട് സേനാംഗങ്ങൾ ഗൃഹസന്ദർശനം നടത്തി നിർദ്ദേശങ്ങൾ നൽകും.
ആഗസ്റ്റിൽ പദ്ധതി ആരംഭിക്കുമെന്നും പൊതുസ്ഥലങ്ങളിലും ജല സ്രോതസുകളിലും മാലിന്യം തള്ളുന്നവർക്കും പ്ലാസ്റ്റിക് കത്തിക്കുന്നവർക്കുമെതിരെ പിഴ ഉൾപ്പെടെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം രാത്രി പെട്രോളിംഗ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻചെയർമാൻ സി.സി. വിപിൻചന്ദ്രൻ, സി.കെ. രാമനാഥൻ, കെ.എസ്. കൈസാബ്, ഹണിപീതാംബരൻ, വി.ജി. ഉണ്ണിക്കൃഷ്ണൻ, എം.എസ്. വിനയകുമാർ, വി.എം. ജോണി, അഡ്വ.സി.പി. രമേശൻ, ടി.പി. പ്രഭേഷ്, ശാലിനി വെങ്കിടേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
..........................
ഒത്തൊരുമിച്ച് ശുചിത്വത്തിലേക്ക്
ഒരു വീട്ടിൽ നിന്ന് 50 രൂപ, വ്യാപാര സ്ഥാപനത്തിൽ നിന്ന് 100 രൂപ യൂസർ ഫീയായി ഈടാക്കും
5 കിലോ വരെ ഈ ഫീസ് മതിയാകും.
കൂടുതലുള്ള ഓരോ കിലോ ഗ്രാമിനും വീടുകൾക്ക് 10 രൂപയും മറ്റുള്ളവർക്ക് 20 രൂപയും നൽകണം
നഗരസഭയിലെ എല്ലാ വീടുകളും നിർബന്ധമായും അംഗങ്ങളാകണം.
അംഗങ്ങളാകുന്നവർക്ക് മാത്രമെ നഗരസഭയിൽ നിന്നും വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും നൽകുകയുള്ളു