വെള്ളിക്കുളങ്ങര: ശാസ്താംപൂവ്വം ആദിവാസി കോളനിയിൽ ഔഷധ സസ്യകൃഷിക്ക് തുടക്കം. കൃഷിയെന്ന കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ആദ്യം വാഴ, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്തെങ്കിലും വന്യമൃഗശല്യം കാരണം മുന്നോട്ടുപോയിരുന്നില്ല. തുടർന്നാണ് മറ്റത്തൂർ സഹകരണ സംഘത്തിന്റെ ഔഷധവനം പദ്ധതിയിൽ ഉൾപ്പെടുത്തി ഔഷധ സസ്യകൃഷിക്ക് തുടക്കമിട്ടത്.
തൊഴിലുറപ്പു പദ്ധതി വഴി ഊരിലെ 4 വീട്ടുകാരുടെ സ്ഥലത്ത് നിലമൊരുക്കി രണ്ടേക്കറിലാണ് ആദ്യം കൃഷി ആരംഭിക്കുന്നത്. കുറുന്തോട്ടി, ശതാവരി എന്നിവയാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്. പദ്ധതി വിജയിച്ചാൽ കോളനിയിലെ എല്ലാ വീടുകളിലേക്കും ഔഷധ സസ്യ കൃഷി രണ്ടുവർഷത്തിനകം വ്യാപിപ്പിക്കുമെന്നാണ് അധികൃതരുടെ പക്ഷം.
ഔഷധവനം പദ്ധതിക്ക് ആവശ്യമായ തൈകൾ സൊസൈറ്റി സൗജന്യമായി നൽകും. കോളനി നിവാസികൾ പലരും ഇന്നും വീടുകളിൽ താമസമില്ലാതെ വനവിഭവങ്ങൾ ശേഖരിക്കുന്ന തൊഴിലാണ് എടുക്കുന്നത്. ഇവരെ കാർഷിക സംസ്കാരത്തിലേക്കു കൊണ്ടുവരുന്നതിന് പദ്ധതി ഉപകരിക്കുമെന്നാണ് കണക്കുകൂട്ടൽ.
ചാലക്കുടി ഡി.എഫ്.ഒ: എ.എൻ. മായ കുറുന്തോട്ടി തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ ലേബർ സഹകരണ സംഘം പ്രസിഡന്റ് സി.വി. രവി അദ്ധ്യക്ഷനായി. ജോയ് കാവുങ്ങൽ, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, റേഞ്ച് ഓഫീസർ പി.എസ്. മാത്യു, ഇ.ആർ. സന്തോഷ്, ഡോ. എൻ. ശശിധരൻ, കെ.പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. സംസാരിച്ചു.
ശാസ്താംപൂവ്വം കോളനി
ആനപ്പാന്തം കോളനിയിൽ 2005ൽ ഉരുൾപൊട്ടലും മറ്റുമുണ്ടായി, ആദിവാസികളുടെ ജീവനോപാധിയും കുടിലുകളും ഒലിച്ചുപോയി, നശിച്ചു. തുടർന്ന് എട്ടു കിലോമീറ്റർ താഴെയുള്ള ശാസ്താംപൂവ്വത്ത് ഇവരെ 2010ൽ പുനരധിവസിപ്പിച്ചു. കൃഷിയെ ജീവിതമാർഗമാക്കാൻ ശീലം നൽകുകയും പുനരധിവാസത്തിന്റെ ലക്ഷ്യമായിരുന്നു. 68 വീട്ടുകാർക്കായി 52 സെന്റ് സ്ഥലം വീതമാണ് ആദിവാസികൾക്കായി നൽകിയത്.
ഔഷധക്കൃഷി: മാർഗം, ലക്ഷ്യം
ഔഷധക്കൃഷി മറ്റത്തൂർ സഹ. സംഘത്തിന്റെ സഹകരണത്തോടെ
ആദ്യഘട്ടത്തിൽ നാലുവീട്ടുകാരുടെ രണ്ടേക്കറിൽ ഔഷധക്കൃഷി
പദ്ധതി വിജയിച്ചാൽ രണ്ടുവർഷത്തിനകം കൃഷി വ്യാപിപ്പിക്കും
ആദിവാസികളെ കാർഷിക സംസ്കാരത്തിലെത്തിക്കുക ലക്ഷ്യം
ആദിവാസികളുടെ വരുമാനമാർഗം ഇപ്പോഴും വനവിഭവ ശേഖരണം