പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിൽ ജൈവ പച്ചക്കറി കൃഷിയുടെ നടീൽ ഉത്സവം നടന്നു. സംയോജിത ജൈവ കൃഷി മുല്ലശ്ശേരി പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്.
മുല്ലശ്ശേരി പഞ്ചായത്തിലെ 14-ാം വാർഡിലുള്ള എൻ.ബി രഞ്ജിത്തിന്റെ 40 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യും. മത്തൻ, കുമ്പളം, വഴുതന, വെണ്ട, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജ് അദ്ധ്യക്ഷയായി. സി.ഡി.എസ് ചെയർപേഴ്‌സൺ രമ്യ സുധാകരൻ, വി.എൻ. സുർജിത്ത്, കെ.പി. ആലി, എ.കെ. ഹുസൈൻ, ഗീത ഭരതൻ, എ.ആർ. സുഗുണൻ, എന്നിവർ സംസാരിച്ചു.