കൊടുങ്ങല്ലൂർ: നിബന്ധനകൾ കർശനമാക്കി ഗ്രാന്റുൾപ്പെടെ തടഞ്ഞ് ആനാപ്പുഴയിലെ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ സ്വതന്ത്രമായ പ്രവർത്തനം തടയാൻ ലൈബ്രറി കൗൺസിൽ നീക്കമെന്ന് ആക്ഷേപം. ഗ്രന്ഥശാലാ പ്രസ്ഥാനമൊക്കെ ആരംഭിക്കും മുമ്പേ കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ രൂപം നൽകി, 113 വർഷം മുമ്പേ ആരംഭിച്ച വായനശാലയ്ക്കാണ് ഈ ദുര്യോഗം.
താലൂക്കിലെ മറ്റു വായനശാലകൾക്ക് ബാധകമല്ലാത്ത നിബന്ധനകളും നിയമങ്ങളും ഉയർത്തിപ്പിടിച്ച്, ഗ്രാന്റുൾപ്പെടെ തടയുന്നെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ഗ്രഡേഷൻ സംഘത്തിന്റെ നിലപാടുകളും ചോദ്യം ചെയ്യലുകളും മുന്നറിയിപ്പെന്നോണം സന്ദർശക ഡയറിയിൽ കുറിച്ചിട്ട വരികളും ആനാപ്പുഴയിൽ വ്യാപക പ്രതിഷേധമുയർത്തിയിട്ടുണ്ട്. പണ്ഡിറ്റ് കറുപ്പൻ രൂപം നൽകിയ കല്ല്യാണ ദായിനി സഭാംഗങ്ങളായ 1200 ൽ ഏറെ വരുന്ന ആനാപ്പുഴ നിവാസികളെല്ലാം വായനശാലയിലും അംഗത്വമുള്ളവരാണ്. വായനശാല പ്രവർത്തിക്കുന്നത് സഭ സൗജന്യമായി നൽകിയ സ്ഥലത്താണ്. സഭാ പ്രസിഡന്റ് തന്നെ വായനശാലയുടെയും പ്രസിഡന്റാവുന്നതാണ് കീഴ് വഴക്കം. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗ്രഡേഷൻ കമ്മിറ്റി. വായനശാല ഭരണ സമിതി തിരഞ്ഞെടുപ്പ് നടപടി ക്രമം പാലിച്ചല്ല നടന്നിട്ടുള്ളതെന്നും ആഗസ്റ്റ് 31ന് അകം നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്ത പക്ഷം ഇവിടേക്ക് ഗ്രാന്റോ മറ്റ് അലവൻസുകളോ അനുവദിക്കാനാകില്ലെന്നും ഗ്രഡേഷൻ കമ്മിറ്റി സന്ദർശക ഡയറിയിൽ കുറിച്ചിട്ടുണ്ട്. രാഷ്ട്രീയലക്ഷ്യത്തോട് കൂടിയുളള നീക്കമാണിതെന്നും കല്ല്യാണദായിനി സഭയെ വരെ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഇക്കാര്യങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നും ഭാരവാഹികളിലൊരാൾ വ്യക്തമാക്കി.