തൃശൂർ: കുറ്റിയാട്ടൂർ മാങ്ങയ്ക്ക് ഭൗമ സൂചക പദവി നേടിയേടുക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ഇതു സംബന്ധിച്ച് രാമനിലയത്തിൽ നടന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കുറ്റിയാട്ടുർ മാങ്ങ കർഷക സമിതിയുടെ പേരിലാണ് ഭൗമ സൂചക രജിസ്‌ട്രേഷൻ ലഭ്യമാക്കുക. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ടവർ ഒപ്പിട്ട് ഇതിനുള്ള അപേക്ഷ തയ്യാറാക്കി. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ കാർഷിക സർവകലാശാലാ ബൗദ്ധിക സ്വത്തവകാശ സെൽ ആണ് ഭൗമ സൂചക രജിസ്‌ട്രേഷൻ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നത്. കുറ്റിയാട്ടൂർ മാങ്ങ കൂടുതൽ കാലം സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയും മാങ്ങ പഴുപ്പിക്കാനുള്ള ആധുനിക ചേമ്പറും കർഷകർക്ക് ലഭ്യമാകുമെന്നും മാങ്ങയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും വിൽക്കാനും ഉള്ള സാങ്കേതിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. കാർഷിക സർവകലാശാലാ ഗവേഷണ ഡയറക്ടർ ഡോ.പി. ഇന്ദിരാ ദേവി സാങ്കേതിക വശങ്ങൾ വിശദീകരിച്ചു.