തൃശൂർ: കുടിവെള്ള സ്രോതസുകളെ മലിനമാക്കി ദേശീയ – സംസ്ഥാനപാതയോരങ്ങളിൽ ഇ – മാലിന്യങ്ങളും സെപ്ടിക് ടാങ്ക് അവശിഷ്ടങ്ങളുമെല്ലാം തള്ളുന്നതിന് ഗുണ്ടകളുടെ അകമ്പടി. കൊച്ചി – സേലം ദേശീയപാതയിൽ മരത്താക്കര ഭാഗത്തെ വഴിയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പാതിരാത്രിയിലാണ്. മാലിന്യ ലോറികൾക്ക് മുന്നിലും പിന്നിലുമായി ഗുണ്ടാ സംഘങ്ങളുമുണ്ടാകും. നാട്ടുകാരോ പൊലീസുകാരോ ഇല്ലെന്ന് ഉറപ്പാക്കിയാൽ നിമിഷങ്ങൾക്കുള്ളിൽ മാലിന്യം തള്ളി മുങ്ങും. ഗുണ്ടകൾ ഒപ്പമുള്ളതിനാൽ അക്രമം ഭയന്ന് നാട്ടുകാരും പ്രതികരിക്കാതിരിക്കുകയാണ്. തോടുകളിലൂടെ കക്കൂസ് മാലിന്യവും ഇ–മാലിന്യങ്ങളും ജനവാസ മേഖലയിലേക്കും ഒഴുകിയെത്തുകയാണ്.
ഏതാനും കിലോമീറ്ററുകൾ ദൂരത്തിൽ രണ്ടു വശത്തും പാടവും തോടും കുളവുമാണ്. അതുകൊണ്ടു തന്നെ കിണറുകൾ പെട്ടെന്ന് മലിനമാകുമെന്നും മാരകരോഗങ്ങൾ പിടിപെടുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. കഴിഞ്ഞദിവസം ഒരു സംഘത്തെ പിടികൂടിയിരുന്നു. പൊലീസ് പിടികൂടിയാലും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തുന്നത് ഇവർക്ക് വളമാകുന്നതായും പരാതിയുണ്ട്. ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് മൂന്നുവർഷം വരെ തടവോ രണ്ടു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്
സെപ്റ്റിക് ടാങ്ക് പ്രശ്നം പരിഹരിക്കാം
ക്ളോസറ്റും ടൈലും വൃത്തിയാക്കുന്ന രാസവസ്തുക്കളാണ് സെപ്റ്റിക് ടാങ്കിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നത്. അതോടെ, ടാങ്കുകൾ പെട്ടെന്ന് നിറയും. ഫ്ളാറ്റുകളിലാണ് ഈ പ്രശ്നം രൂക്ഷമാകുന്നത്. ചാണക വെള്ളം കലക്കി കക്കൂസുകളിൽ ഒഴിച്ചാൽ ബാക്ടീരിയ വർദ്ധിക്കും. ടാങ്ക് നിറയുന്ന പ്രശ്നവും പരിഹരിക്കാം. ബാക്ടീരിയകളെ വാങ്ങി ഒഴിച്ചാലും മതി.
– മലിനീകരണ നിയന്ത്രണ ബോർഡ്
................................................
'' ഇ – മാലിന്യവും സെപ്റ്റിക് ടാങ്ക് അവശിഷ്ടവും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായി തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും ആരോഗ്യ വിഭാഗത്തെയുമെല്ലാം ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി പരാതികൾ പരിശോധിച്ച് കർശനമായ നടപടി സ്വീകരിക്കും. അടുത്ത കമ്മിറ്റി ഉടനുണ്ടാകും.''
– വി.എ. സുശീല നായർ
എൻവയോൺമെൻ്റൽ എൻജിനീയർ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
മാരകം ഇ–മാലിന്യം
ഉപയോഗിച്ചതിന് ശേഷമോ അല്ലാതെയോ ഉപേക്ഷിച്ച ഇലക്ട്രിക്, ഇലക്‌ട്രോണിക് ഉപകരണങ്ങളും അവയുടെ ഭാഗങ്ങളുമാണ് ഇ–മാലിന്യം. മത്സ്യ, മാംസ അവശിഷ്ടങ്ങളും ചീഞ്ഞളിഞ്ഞ പച്ചക്കറി, പഴവർഗങ്ങളും വിസർജ്യങ്ങളും മണ്ണിൽ ലയിക്കും. എന്നാൽ വരുംതലമുറയെ കൂടി കാർന്നുതിന്നുന്ന 'ഭീകരന്മാ'രാണ് ഇ–മാലിന്യങ്ങൾ.
പലതരം:
കമ്പ്യൂട്ടറുകൾ
കോംപാക്ട് ഡിസ്‌കുകൾ
ബാറ്ററികൾ
സ്വിച്ചുകൾ
സെൽഫോൺ
കളിപ്പാട്ടങ്ങൾ
കൊതുകുനിവാരണ ഉപകരണങ്ങൾ
മൂലകങ്ങൾ, മഹാവ്യാധികൾ:
ലെഡ് (ഈയം):
ചെറിയൊരളവിൽ ശരീരത്തിലെത്തിയാൽ നാഡീ വ്യൂഹത്തിനും രക്ത ചംക്രമണത്തിനും വൃക്കയ്ക്കും തകരാറുണ്ടാക്കും. കുട്ടികളുടെ ബുദ്ധിവികാസത്തെ ബാധിക്കും.
കാഡ്മിയം, ക്രോമിയം, ടിൻ, മെർക്കുറി, ആഴ്‌സനിക്, കോബാൾട്ട്, നിക്കൽ :
ശ്വാസകോശം, തലച്ചോറ്, ആമാശയം എന്നിവയ്ക്ക് ഭീഷണി ഉയർത്തി അർബുദത്തിന് കാരണമാകും.
പരിഹരിക്കാം
ഇലക്ട്രോണിക് ഉപകരണം കേടുവരുമ്പോൾ റീസൈകിളിംഗിന് നിർമാതാക്കൾക്കായിരിക്കണം ഉത്തരവാദിത്തം.
ഉപയോഗശൂന്യമായ ഉപകരണം തിരികെ വാങ്ങാൻ സംവിധാനം വേണം.
ശേഖരണ കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉപകരണം വാങ്ങുമ്പോൾ കമ്പനി വ്യക്തമാക്കണം.
ശേഖരണ, റീസൈക്ളിംഗ് കേന്ദ്രങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം നിർബന്ധമാക്കണം.