തൃശൂർ: വിവാദമായ മാന്ദാമംഗലം മരംമുറി കടത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും അറസ്റ്റിലായി. ചേരുംകുഴി പാപ്പാടി ഷിജോയെയാണ് (43) ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടിയത്. പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിന് കീഴിലെ താമരവെള്ളച്ചാൽ ആദിവാസി മേഖലയിൽ നിന്ന് തേക്ക് തടികൾ മുറിച്ചു കടത്തിയതായി കണ്ടെത്തിയിരുന്നു. ഈ കേസിൽ കീഴടങ്ങിയ ചേരുംകുഴി സ്വദേശി ബൈജുവിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് വിവാദമായിരുന്നു.
കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ടും നൽകി. താമരവെള്ളച്ചാൽ മേഖലയിൽ നിന്നും വൻതോതിൽ തേക്കും വീട്ടിയുമടക്കമുള്ള വൻമരങ്ങൾ കടത്തിയിട്ടുണ്ട്. ഇത് ആദിവാസികളിൽ ചുമത്തി രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിനിടയിലാണ് ബൈജു പിടിയിലായത്. ബൈജുവിന്റെ മൊഴിയിൽ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കും വെളിപ്പെട്ടിരുന്നു. രാത്രിയിൽ സ്റ്റേഷനിൽ നിന്നും പോയി ആത്മഹത്യ ചെയ്തുവെന്നാണ് വനംവകുപ്പ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് ബൈജുവിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് ആക്ഷേപം. മറ്റ് പ്രതികളെ കിട്ടാത്തതിനാൽ മരംകടത്ത് കേസ് അന്വേഷണം വഴിമുട്ടിയിരുന്നു. 2016ൽ തൃശൂർ ഡി.എഫ്.ഒയുടെ നിർദ്ദേശത്തിൽ പ്രത്യേക ടീമിനെ നിയോഗിച്ചുവെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. എറണാകുളം ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ രാജു കെ. ഫ്രാൻസിസിന്റെ നിർദ്ദേശപ്രകാരം തൃശൂർ ഫ്‌ളയിംഗ് സ്‌ക്വാഡ് അന്വേഷണം നടത്തി. തൃശൂർ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.യു രാജ്കുമാർ, ഇ.പി പ്രതീഷ്, കെ.വി. ജിതേഷ് ലാൽ, എൻ.യു. പ്രഭാകരൻ, സി.പി സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്...