കൊടകര: വിവാദമായ ആന്തൂരിലെ കെട്ടിടത്തിന് അനുമതി ലഭിക്കാതിരുന്നത് ചട്ടലംഘനമുണ്ടായിരുന്നതിനാലാണെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ആളൂരിൽ പറഞ്ഞു. ആളൂർ പഞ്ചായത്തിന് അന്തർദേശീയ നിലവാരമായ ഐ.എസ്.ഒ സാക്ഷ്യപത്രം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയമമുണ്ടാക്കിയത് ജനങ്ങൾക്ക് വേണ്ടിയാണ്. സർക്കാർ ജീവനക്കാർ പ്രവർത്തിക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാകണം. അതിനുള്ള ആർജവം ഉദ്യോഗസ്ഥർ വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അദ്ധ്യക്ഷയായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി റെക്കോർഡ് റൂം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കാതറിൻ പോൾ ഹെൽപ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. എ.ആർ ഡേവിസ്, അജിത സുബ്രഹ്മണ്യൻ, സി.ജെ. നിക്‌സൻ, അംബിക ശിവദാസൻ, ഷൈനി സാന്റോ, അഡ്വ. എം.എസ്. വിനയൻ, ബിജി ജോണി, പി.എസ്. ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു...