health
പരിയാരം പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുന്നു

ചാലക്കുടി: അയ്യായിരം പുതിയ തസ്തികൾ സൃഷ്ടിച്ച പിണറായി സർക്കാർ ആരോഗ്യമേഖലയെ കരുത്തുറ്റതാക്കിയെന്നും ഇതു രാജ്യത്തിനുതന്നെ മാതൃകയാണെന്നും മന്ത്രി എ.സി. മൊയ്തീൻ. പരിയാരം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ഞൂറ് പി.എച്ച്.സികളെ ഉടനെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. നിപ പോലുള്ള മാരകരോഗങ്ങളെ തടഞ്ഞു നിറുത്തുന്നത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിതാന്ത ജാഗ്രതയുടെ ഫലമാണ്. പ്രളയ ബാധിതർക്ക് നഷ്ടം പരിഹാരം ലഭിക്കുന്നതിന് ഏറ്റവും ഒടുവിൽ ലഭിച്ച അപേക്ഷയിൽ പരിശോധന നടന്നു വരികയാണ്. മന്ത്രി തുടർന്നു പറഞ്ഞു.

കുറ്റിക്കാട് ആശുപത്രി അങ്കണത്തിൽ ചേർന്ന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും ദമ്പതികളുമായ വി.സി. മാത്യു, മേഴ്‌സി മാത്യു എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജനീഷ് പി.ജോസ്, ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി അശോകൻ, ഡി.എം.ഒ ഡോ.കെ.ജെ. റീന, മെഡിക്കൽ ഓഫീസർ ഡോ. ഷാലിൻജോസഫ് എന്നിവർ പ്രസംഗിച്ചു.