ചാവക്കാട്: കടപ്പുറ ഗ്രാമപഞ്ചായത്ത് മാട്ടുമ്മലിൽ പലചരക്ക് കടയുടെ പൂട്ടു പൊളിച്ച് മോഷണം. പണവും ഭക്ഷ്യവസ്തുക്കളും നഷ്ട്ടപ്പെട്ടു. മാട്ടുമ്മൽ സ്വദേശി ചിറമ്മൽ ടി.കെ. സൈമന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും അരി, മിഠായി, ജ്യൂസ് പാക്കറ്റുകൾ തുടങ്ങിയവയുമാണ് നഷ്ടമായത്. ഇന്നലെ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ചാവക്കാട് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം മണത്തല ചാപ്പറമ്പിൽ പൂജ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് 40,000രൂപയും രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചിരുന്നു.

പ്രതികളെ ഉടൻ പിടികൂടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മാട്ടുമ്മലിൽ പലചരക്ക് കടയുടെ പൂട്ട് പൊളിച്ചു മോഷണം നടത്തിയ സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരവാഹികൾ ചാവക്കാട് പൊലീസിൽ പരാതിയും നൽകി. മേഖലയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൈമൺ സ്റ്റോറിൽ മോഷണം നടന്നത്. പ്രസിഡന്റ് വി.യു. ഹുസ്സൈൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ബി. ഹാരിസ്,ട്രഷറർ ആർ.ഡി. ജലീൽ എന്നിവർ സംസാരിച്ചു.