visit
ആക്രമണത്തിന് ഇരയായ ലേഡി ഡോക്ട‌റെ ബി.ഡി.ദേവസി എം.എൽ.എ സന്ദർശിക്കുന്നു

ചാലക്കുടി : വനിതാ ഡോക്ടർക്ക് ആക്രമണമേറ്റ സംഭവത്തിൽ പ്രതിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു. ഒ.പി വിഭാഗത്തിന്റെ കവാടത്തിൽ പത്തു മിനിറ്റ് നേരം മുദ്രാവാക്യം വിളിച്ച ഡോക്ടർമാർ, നാട്ടുകാർ രോഷാകുലരായതോടെ പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങി. നൂറ് കണക്കിന് രോഗികൾ ഡോക്ടർമാരെ കാത്തു നിൽക്കുമ്പോഴായിരുന്നു പണിമുടക്ക്. ഇതോടെ ഇവരോടൊപ്പം എത്തിയ ബന്ധുക്കളും മറ്റും ബഹളമുണ്ടാക്കി. കൈയാങ്കളിയുടെ വക്കോളം എത്തിയപ്പോഴാണ് ഡോക്ടർമാർ ശാന്തരായത്.

ആക്രമണം നടത്തിയ പ്രതിയെ പൊലീസ് വിട്ടയച്ചെന്ന ധാരണയിലാണ് ഡോക്ടർമാർ പ്രതിഷേധിച്ചത്. പിന്നീട് നഗസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവർ സ്ഥലത്തെത്തി ഡോക്ടർമാരുമായി ചർച്ച നടത്തി. തുടർന്ന് എം.എൽ.എ ബി.ഡി. ദേവസിയും സ്ഥലത്തെത്തി. ഡിവൈ.എസ്.പി സി.ആർ. സന്തോഷ് കുമാറിനെ വിളിച്ചു വരുത്തിയ എം.എൽ.എ, പ്രസ്തുത കേസിൽ ഇതുവരെ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് ആരാഞ്ഞു. ഡോക്ടറെ ആക്രമിച്ച വെള്ളാഞ്ചിറ സ്വദേശി പ്രദീപ് എന്നയാൾ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി. ശനിയാഴ്ച രാവിലെ വരെ ചങ്ങലയിൽ ബന്ധിതനായ ഇയാളെ മാനസികരോഗ വിഭാഗം ഡോക്ടർമാർ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾക്ക് വിധേയനാക്കുക. നായ കടിച്ചതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ്പിന് വന്നുകൊണ്ടിരുന്ന പ്രതി സംഭവത്തിന് മുമ്പും ശേഷവും അക്രമാസക്തനായിരുന്നു. സെന്റ് ജെയിംസ് ആശുപത്രിയിലും ഇയാൾ കൂടുതൽ ആക്രമണ പ്രവണത പ്രകടിപ്പിച്ചതായും ഡിവൈ.എസ്.പി അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. കെ.സി. സിനിയെ, യുവാവ് ആക്രമിച്ചത്.


പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന്


സെന്റ് ജെയിംസ് ആശുപത്രിയിൽ കഴിയുന്ന പ്രതിക്ക് മാനസിക രോഗമുണ്ടെന്നും കൂടുതൽ ചികിത്സ വേണമെന്നുമാണ് നിർദ്ദേശം. ഈയവസ്ഥയിൽ ഇയാൾക്കെതിരെ ഉടനെ നിയമ നടപടികൾക്ക് സാദ്ധ്യതയില്ല.


ഡോക്ടർമാർ പക്വത കാണിച്ചില്ലെന്ന് എം.എൽ.എ

ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടർക്ക് മർദ്ദനമേറ്റത് സംഭവിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പ്രസ്തുത സംഭവം ആശുപത്രിയുടെ ചുമതലക്കാരായ നഗരസഭയെയോ, എം.എൽ.എ എന്ന നിലയിൽ തന്നെയോ അറിയിച്ചില്ല. എന്തു നടപടി സ്വീകരിച്ചുവെന്ന് പൊലീസിൽ അന്വേഷിക്കാതെ പണിമുടക്കിന് തുനിഞ്ഞത് ഭൂഷണമായില്ല. ചാലക്കുടി ആശുപത്രി ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കിയതിന് പിന്നിൽ നഗരസഭയും ജനപ്രതിനിധികളും വഹിച്ച പങ്ക് ചെറുതല്ല. ഇതൊന്നും കളഞ്ഞുകുളിക്കാൻ ആരും ശ്രമിക്കരുത്.

-ബി.ഡി ദേവസി എം.എൽ.എ

ചർച്ചയ്‌ക്കെത്തിയപ്പോൾ പറഞ്ഞത്