ഗുരുവായൂർ: സി.പി.എം നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയ്‌ക്കെതിരെ ദേവസ്വം ജീവനക്കാരുടെ സി.പി.എം അനകൂല സംഘടന രംഗത്ത്. ദേവസ്വം ജീവനക്കാരോടും ആശ്രിതരോടും നിഷേധാത്മക നിലപാടാണ് ഭരണസമിതി സ്വീകരിക്കുന്നതെന്ന് സി.പി.എം അനകൂല സംഘടനയായ ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ ആരോപിച്ചു. ദേവസ്വം ഭരണസമിതിയുടെ ഈ നിലപാടിൽ സംഘടന യോഗം ചേർന്ന് പ്രതിഷേധിച്ചു.

ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്തിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് അർഹതപെട്ട ജോലി നൽകാതെ നിരാലംബരായ കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് ദേവസ്വം ഭരണസമിതി സ്വീകരിക്കന്നത്. ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിനിടെ ആന കുത്തി മരണപെട്ട വി. സുഭാഷിന്റെ ആശ്രിതനു അപേക്ഷ നൽകി ഒരുവർഷം കഴിഞ്ഞിട്ടും ജോലി നൽകിയില്ല. സർവീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരന്റെ കടബാധ്യത എഴുതിതള്ളുന്ന തുകയുടെ പരിതി സർക്കാർ ഉയർത്തിയിട്ടും ആനുകുല്യം ദേവസ്വം ജീവനക്കാർക്കു നൽകേണ്ടതില്ലെന്നാണ് ഭരണസമിതി തീരുമാനം. ജീവനക്കാർക്ക് കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂലങ്ങളും ഈ ഭരണ സമിതി നിറുത്തലാക്കി. യൂണിയൻ നൽകുന്ന നിവേദനങ്ങൾ പോലും തള്ളിക്കളയുന്ന നിലപാടാണ് അഡ്മിനിസ്‌ട്രേറ്ററും സ്വീകരിക്കന്നത് എന്നും യോഗം കുറ്റപ്പെടുത്തി. എംപ്ലോയിസ് ഓർഗനൈസേഷൻ പ്രസിഡൻറ് കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. രാജൻ, ഭരണസമിതിയംഗം എ.വി. പ്രശാന്ത്, സി.പി. ശ്രീധരൻ, ഇ. രാജു, സി. മനോജ്, ഇ.കെ. നാരായണനുണ്ണി, ഏലംകുളം ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.