കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ സ്‌കൂളിനോട് ചേർന്നുള്ള ചാപ്പാറയിലെ ട്രെഞ്ചിംഗ് ഗ്രൗണ്ടിനെ സയൻസ് സെന്ററാക്കി മാറ്റാനും ആധുനിക രീതിയിലുള്ള സയൻസ് സെന്റർ നിർമ്മിക്കാനും നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ തൃശൂർ എൻജിനിയറിംഗ് കോളേജിനെ ചുമതല ഏൽപ്പിക്കും. സയൻസ് സെന്റർ നിർമ്മിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കാൻ ടെൻഡർ നടപടി സ്വീകരിക്കുന്നതിന് നേരത്തെ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഇത് ആവശ്യത്തിലേറെ കാലതാമസത്തിന് ഇടയാക്കുമെന്നും പകരം തൃശൂർ എൻജിനിയറിംഗ് കോളേജിനെ ചുമതല ഏൽപ്പിക്കുവാനും നിർദ്ദേശിച്ച് വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാന് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ പുതിയ തീരുമാനം. സംസ്ഥാന സർക്കാരിന്റെ 2019-20 വർഷത്തെ ബഡ്ജറ്റിൽ കൊടുങ്ങല്ലൂർ നഗരസഭയിലേയ്ക്ക് സയൻസ് സെന്ററിനായി ഫണ്ട് അനുവദിച്ചിരുന്നു. 50 കോടി രൂപ മുതൽ മുടക്കിയാണ് വാനനിരീക്ഷണ കേന്ദ്രം, പ്ലാനറ്റോറിയം, സയൻസ് പാർക്ക്, മ്യൂസിയം, ലാബറട്ടറി, ത്രിഡി തിയേറ്റർ തുടങ്ങി ഒട്ടേറെ ആധുനികസൗകര്യങ്ങളോടെയുള്ള സയൻസ് സെന്റർ വിഭാവനം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 3 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ കേന്ദ്രം ആരംഭിക്കുന്നതിന് വി.ആർ സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ കെ. ആർ ജൈത്രൻ എന്നിവരുടെ നേതൃത്വത്തിൽ ഉയർന്ന ഉദ്യോഗസ്ഥരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും യോഗം ചേർന്ന് വിശദമായ ചർച്ചകൾ നടത്തിയിരുന്നു.