കുന്നംകുളം: നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ കാറും സ്വകാര്യ ബസും ഇടിച്ച് നാല് പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികൻ മൂവാറ്റുപുഴ പൊതുകാട്ടിൽ മുജീബിന്റെ മകൻ അമീൻ (20), കാർ യാത്രക്കാരായ ചിറ്റിലപ്പിള്ളി സ്വദേശികളായ പടിഞ്ഞാറ്റു മുറി വീട്ടിൽ ബാലന്റെ ഭാര്യ സുജാത (40), ഗോപിയുടെ ഭാര്യ കമല (61), വാഴാനി കാഞ്ഞിരംവീട്ടിൽ ചന്ദ്രന്റെ ഭാര്യ വത്സല (63) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചൂണ്ടലിന് സമീപം പുതുശേരിയിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. സ്‌കൂട്ടർ ഉൾപ്പെടെ മൂന്നു വാഹനങ്ങളും കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ കാർ ഇടിക്കുകയും അതിന് പിറകിൽ വന്ന ബസിന്റെ ഇടിയുടെ ആഘാതത്തിൽ കാറിനു മുൻഭാഗത്ത് കുടുങ്ങി കിടന്ന സ്‌കൂട്ടർ ഉൾപ്പെടെ കാർ തലകീഴായി മറിയുകയുമായിരുന്നു. അപകടത്തെ തുടർന്ന് കുറച്ചു നേരത്തേക്ക് ഗതാഗതം തടസപ്പെട്ടു. തൃശൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് എത്തുന്നതിന് പൊലീസും ഫയർഫോഴ്‌സും താമസം നേരിടുന്നതായി ആക്ഷേപമുണ്ട്...