എരുമപ്പെട്ടി : എരുമപ്പെട്ടി ആറ്റത്ര പ്രദേശത്തുള്ള ചെറുകിട വ്യവസായ സ്ഥാപനമായ സെല്ലോ ടേപ്പ് നിർമ്മാണ കമ്പനിയുടെ പ്രവർത്തനം കോൺഗ്രസ് പ്രാദേശിക നേതാക്കൾ തടസപ്പെടുത്തിയതായി പരാതി. കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കും ജനപ്രതിനിധികൾക്കും എതിരെയാണ് കമ്പനി ഉടമ രാജൻ കെ. നായർ പരാതിയുമായി രംഗത്തെത്തിയത്.
ആവശ്യമുള്ള നിയമപരമായ മുഴുവൻ ലൈസൻസുകളും കരസ്ഥമാക്കി 2012 മുതൽ പ്രവർത്തിച്ച് വരുന്നതാണ് കമ്പനി. 2018 മുതലാണ് മാലിന്യ പ്രശ്നം ഉന്നയിച്ച് പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ തടസം സൃഷ്ടിക്കുന്നത്. ഒരു വർഷം തന്റെ പക്കൽ നിന്നും ഒരു നേതാവ് കടമായി വാങ്ങിയ മൂന്ന് ലക്ഷം രൂപ തിരിച്ച് ചോദിച്ചതിലും, പാർട്ടി പരിപാടികൾക്ക് സംഭാവനയായി വൻ തുകകൾ നൽകാത്തതിലുമുള്ള വൈരാഗ്യമാണ് പിറകിലെന്ന് രാജൻ ആരോപിച്ചു. ഒരു തരത്തിലും പ്രകൃതിക്ക് ദോഷമാകാത്ത വസ്തുക്കളാണ് കമ്പനിയിൽ ഉപയോഗിക്കുന്നത്. പൊതുവഴി തടസപ്പെടുത്തിയതിനെതിരെ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം തനിക്ക് നീതി കിട്ടിയില്ല. ചെറുകിട വ്യവസായികളെ തകർക്കാനുളള ശ്രമങ്ങൾക്ക് ഭരണാധികാരികൾ കൂട്ടുനിൽക്കരുതെന്ന് അഭ്യർത്ഥിച്ച രാജൻ കെ. നായർ തനിക്കും കമ്പനിക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻപഞ്ചായത്ത് മെമ്പർ മാത്യു, കമ്പനി ജീവനക്കാരൻ അനീഷ് എന്നിവരും പങ്കെടുത്തു...
രാജൻ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇവ
കമ്പനിയുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറി അവശിഷ്ടങ്ങൾക്ക് തീ കൊടുത്ത് മാലിന്യ പ്രശ്നമുണ്ടെന്ന് വരുത്തുന്നു
കമ്പനിയിലേക്കുള്ള വഴി തടസപ്പെടുത്തി കമ്പനി അടച്ചുപൂട്ടിക്കാൻ ശ്രമിക്കുന്നു
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കോൺഗ്രസ് പ്രാദേശിക നേതാക്കൾ തനിക്കെതിരെ പ്രതികാര നടപടികൾ തുടരുന്നത്