കൊടുങ്ങല്ലൂർ: സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച്, പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പത്ത് പേരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസുകളിലൊന്നിലെ ഡ്രൈവർ പുത്തൻചിറ സ്വദേശി അക്കു അലിയുടെ (35) മുഖത്തും കണ്ണിലും ഗ്ലാസ്ചില്ലുകൾ തെറിച്ചു കയറിയ നിലയിലായിരുന്നു. പുല്ലൂറ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ലുകൾ കണ്ണിൽ തെറിച്ചാണ് അധികം പേർക്കും പരിക്കേറ്റത്. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന പൂജ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും, മാളയിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന അൽമാസ് ബസുമാണ് കൂട്ടിയിടിച്ചത്. അൽമാസ് ബസിടിച്ച് വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.