കൊടുങ്ങല്ലൂർ: ഗുരുസമാധി ദിനാചരണ പരിപാടികളെ ഗൗനിക്കാതെ സെപ്തംബർ 21ന് കോട്ടപ്പുറം വള്ളം കളി നടത്താനുള്ള ടൂറിസം വകുപ്പിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. നേരത്തെ നിശ്ചയിച്ചിരുന്ന സെപ്തംബർ 14ന് തന്നെ കോട്ടപ്പുറം വള്ളംകളി നടക്കുമെന്ന വ്യാജേന ജില്ലാ ടൂറിസം വകുപ്പ് വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗം തീരുമാനമാകാതെ പിരിഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന തിയതി മാറ്റി മഹാഗുരുവിന്റെ സമാധി ദിനത്തിൽ കോട്ടപ്പുറം വള്ളംകളി നടത്താൻ നീക്കം നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പതിവിന് വിപരീതമായി ശുഷ്‌കമായ പ്രാതിനിദ്ധ്യമേ സംഘാടക സമിതി യോഗത്തിലുണ്ടായുള്ളൂ. ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു, ജോയിന്റ് ഡയറക്ടർ രാജ് കുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ കോട്ടപ്പുറം ബോട്ട് ക്‌ളബ്ബ് രക്ഷാധികാരി സി.കെ. ശശി, ഗുരുസമാധി ദിനാചരണം മാനിക്കാതെ വള്ളംകളി നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധമറിയിച്ചു. ഇതോടെ യോഗത്തിൽ സംബന്ധിച്ച അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ തുടങ്ങിയവരും തിയതി മാറ്റിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. തിയതി സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം സംഘാടക സമിതി ചേരാമെന്ന് എം.എൽ.എ വ്യക്തമാക്കിയതോടെ യോഗം പിരിഞ്ഞു. ആഗസ്റ്റ് 10ന് ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളിയോടെ തുടക്കമിടുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് കേരളത്തിലെ ആറ് ജില്ലകളിലായി 12 ജലപാതകളിലാണ് നടത്തുന്നത്. ഇതിൽ ആറാമത്തെ ജലപാതയാണ് കോട്ടപ്പുറത്തേത്. നവംബർ 1ന് അഷ്ടമുടി കായലിൽ നടത്തുന്ന പ്രസിഡന്റ്‌സ് ട്രോഫി വളളംകളിയോടെ സിബിഎല്ലിന് സമാപനമാകും.
സമാധി ദിനത്തിലെ വള്ളംകളിയിൽ നിന്ന് പിന്മാറണം
ശ്രീനാരായണഗുരു സമാധി ദിനമായ സെപ്തംബർ 21ന് ചാമ്പ്യൻസ് ബോട്ട് റേസ് ലീഗ് നടത്താനുള്ള തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നും അനുയോജ്യമായ മറ്റൊരു ദിവസത്തേക്ക് മത്സരം മാറ്റിവയ്ക്കണമെന്നും കോട്ടപ്പുറം ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ബോട്ട് ക്ലബ്ബിന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി സി.സി. വിപിൻചന്ദ്രൻ (പ്രസിഡന്റ്) പി.എ. ജോൺസൻ (സെക്രട്ടറി) ഒ.എം. ദിനകരൻ (വൈസ് പ്രസിന്റ്) ടി.ജെ. ജോർജ് (ജോ. സെക്രട്ടറി) വിൻസെന്റ് എം. അറക്കൽ (ട്രഷറർ) എന്നിവരടങ്ങിയ സമിതിയെയും രക്ഷാധികാരിയായി സി.കെ. ശശിയെയും തിരഞ്ഞെടുത്തു.