തൃശൂർ: മാലിന്യം തള്ളുന്നവരെ പിടികൂടാനും അക്രമങ്ങളും ട്രാഫിക് ലംഘനങ്ങളും കണ്ടെത്താനും നഗരത്തിൽ 84 സ്ഥലങ്ങളിലായി 191 സി.സി.ടി.വി കാമറകൾ കോർപറേഷൻ സ്ഥാപിക്കും. ടെൻഡർ വഴി കോർപറേഷൻ തെരഞ്ഞെടുത്ത സിഡിറ്റ്, വൺ വ്യൂ കമ്പനികൾ രാമനിലയത്തിൽ കാമറകളുടെ പ്രവർത്തന രീതികൾ മന്ത്രിമാർ, പൊലീസ് ഉദ്യോഗസ്ഥർ, മേയർ, ജനപ്രതിനിധികൾ എന്നിവർക്ക് മുമ്പാകെ അവതരിപ്പിച്ചു. കാമറകൾ സ്ഥാപിച്ചാലുണ്ടാകുന്ന ഗുണങ്ങളും സുരക്ഷയും കമ്പനി അധികൃതർ വിശദീകരിച്ചതോടൊപ്പം മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. ആഗസ്റ്റോടെ കാമറകൾ സ്ഥാപിക്കും. കാമറകളുടെ നിരീക്ഷണം പൊലീസ് കൺട്രോൾ റൂമിലായിരിക്കും. പൊലീസ് കൂടി നിർദ്ദേശിച്ച 13 സ്ഥലങ്ങൾ ഉൾപ്പെടെ 84 സ്ഥലങ്ങളിലാണ് കാമറ സ്ഥാപിക്കുന്നത്. ഡെമോ അവതരിപ്പിച്ച രണ്ടു കമ്പനികളും സംസ്ഥാനത്തെവിടെയും നഗരങ്ങളിൽ കാമറ സ്ഥാപിച്ചിട്ടില്ല. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കാമറ സ്ഥാപിച്ച പരിചയം സിഡിറ്റിനുണ്ട്. ബോഷ് കമ്പനി സ്ഥാപിച്ച കാമറ കേടായപ്പോൾ നന്നാക്കാത്തതിനെ തുടർന്നാണ് സി. ഡിറ്റിനെ ഏൽപ്പിച്ചത്. വൺവ്യൂ കമ്പനി ഹൈദരാബാദിൽ കാമറ സ്ഥാപിച്ചിട്ടുണ്ട്. അവിടെ സ്ഥാപിച്ച കാമറകളുടെ ഡെമോയാണ് അവർ അവതരിപ്പിച്ചത്. മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽ കുമാർ, മേയർ അജിത വിജയൻ, ഡെപ്യൂട്ടി മേയർ റാഫി ജോസ്, എ.സി.പി വി.കെ രാജു, പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ, കൗൺസിലർമാർ തുടങ്ങിയവർ കാമറയുടെ പ്രവർത്തന രീതികൾ വീക്ഷിക്കാനെത്തി. ഏതു കമ്പനിയെ തെരഞ്ഞെടുക്കണമെന്ന കാര്യം അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും.
കാമറ സ്ഥാപിക്കാനുള്ള ചെലവ് :5.20 കോടി
84 സ്ഥലങ്ങളിലായി സ്ഥാപിക്കുന്ന കാമറ: 191
കാമറകളുടെ പ്രത്യേകത (കമ്പനികളുടെ അവകാശവാദം): മഴയിലും രാത്രിയിലും ദൃശ്യങ്ങൾ വ്യക്തമായി ഒപ്പിയെടുക്കും. 360 ഡിഗ്രിയിൽ ദൃശ്യങ്ങൾ കാണാം. വാഹനങ്ങളുടെ നമ്പറുകൾ പ്രത്യേകം ഒപ്പിയെടുക്കാനുള്ള ശേഷിയുണ്ടാകും.
അടുത്ത ആഗസ്റ്റിൽ കാമറകൾ സ്ഥാപിക്കും. ചെലവാകുന്ന പണം പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും കണ്ടെത്താമെന്നാണ് പ്രതീക്ഷ. : അജിത വിജയൻ (മേയർ, തൃശൂർ കോർപറേഷൻ)