തൃശൂർ: പൊതു ചടങ്ങുകളിൽ പൂക്കൾക്കും ബൊക്കകൾക്കും സമ്മാനമായി പുസ്തകം മാത്രമേ സ്വീകരിക്കൂവെന്ന ടി.എൻ. പ്രതാപൻ എം.പിയുടെ തീരുമാനത്തിന് പിന്തുണയേറി. പ്രഖ്യാപനത്തിനു ശേഷം ആയിരം പുസ്തകങ്ങൾ ലഭിച്ചു. ചടങ്ങുകൾക്ക് പുറമെ വ്യക്തികളും വിവിധ സ്ഥാപനകളും സംഘടനകളും നേരിട്ടെത്തിയും എം.പിക്ക് പുസ്തകങ്ങൾ കൈമാറുന്നുണ്ട്. മുല്ലശ്ശേരിയിലെ ഗുഡ് ഷെപ്പേഡ് സെന്റട്രൽ സ്‌കൂൾ അയ്യായിരം രൂപയുടെ പുസ്തകങ്ങൾ കഴിഞ്ഞ ദിവസം എം.പിക്ക് നൽകി.

തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൽ നിന്നും സ്‌കൂൾ മെരിറ്റ് ഡേ ചടങ്ങിൽ എം.പി പുസ്തകങ്ങൾ സ്വീകരിച്ചു. വാടാനപ്പിള്ളി മദർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അവാർഡ്ദാന ചടങ്ങിലും ഇമാം ഗസ്സാലിയുടെ ഇഹ്യാ ഉലൂമുദ്ധീൻ എന്ന ബ്രഹദ് ഗ്രന്ഥത്തിന്റെ പരിഭാഷ സ്‌കൂളധികൃതരും വിദ്യാർത്ഥികളും എം.പിക്ക് സമ്മാനിച്ചു. പ്രവാസി സുഹൃത്തുക്കളടക്കം നിരവധി പേരാണ് എം.പിയുടെ ഈ പദ്ധതിയോട് സഹകരിച്ച് പുസ്തകം ഏൽപ്പിക്കാൻ തയ്യാറായി മുന്നോട്ട് വരുന്നത്.