തൃശൂർ: കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുമായി കേരള എം.പിമാർ നടത്തിയ ചർച്ചയ്ക്ക് പിറകെ മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ കുഴിയടക്കൽ ആരംഭിച്ചെങ്കിലും തുരങ്കം തുറന്നുകൊടുക്കാൻ ഇനിയും സമയമെടുക്കും. തുരങ്കം താത്കാലികമായെങ്കിലും തുറന്നാൽ മാത്രമേ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകൂ. കുഴിയടക്കൽ തുടങ്ങിയതോടെ രണ്ടു മണിക്കൂറിലധികമാണ് കുരുക്കിൽപ്പെട്ട് വാഹനങ്ങൾ കാത്തുകിടക്കുന്നത്.

90 ശതമാനം പണി പൂർത്തിയായ തുരങ്കം താത്കാലികമായെങ്കിലും തുറന്നുകൊടുക്കാൻ വെളിച്ച സംവിധാനം ഉൾപ്പെടെയുള്ള ക്രമീകരണം ഒരുക്കണം. ഇതു ചെയ്യേണ്ടത് ഉപകരാർ ഏറ്റെടുത്ത പ്രഗതി കമ്പനിയാണ്. ഇതിനായി കെ.എം.സി കമ്പനിയും പ്രഗതിയും തമ്മിലുള്ള തർക്കം പരിഹരിക്കണം. ഇതുവരെ ചെയ്ത ജോലിയുടെ തുക സംബന്ധിച്ചാണ് ഇരുകമ്പനികളും തമ്മിലുള്ള തർക്കം. സാമ്പത്തിക പ്രതിസന്ധിയിലായ കെ.എം.സി കമ്പനിക്ക് എൽ ആൻഡ് ടിയിൽ നിന്ന് വായ്പ ലഭിക്കുമെന്ന് ഉറപ്പായാൽ മാത്രമേ പ്രഗതിയുമായുള്ള ചർച്ചയ്ക്ക് പോലും സാദ്ധ്യതയുള്ളൂ. വായ്പ ലഭ്യമാക്കാൻ കേന്ദ്രഇടപെടൽ ഉണ്ടാകുമെന്നതാണ് ആശ്വാസം. ആയിരം കോടി രൂപയുടെ വായ്പയാണ് കെ.എം.സി ആവശ്യപ്പെട്ടിട്ടുള്ളത്. ബാങ്കുകളുടെ കൺസോർഷ്യം പണം നൽകേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തിൽ ടോൾ പിരിക്കാനുള്ള അനുമതി പോലുള്ള ഉറപ്പുകൾ നൽകിയാലേ എൽ ആൻഡ് ടി കമ്പനി വായ്പ നൽകാൻ സാദ്ധ്യതയുള്ളൂ.

11 മാസം മുമ്പാണ് പാതയുടെ നിർമ്മാണം നിലച്ചത്. കരാറനുസരിച്ച് നിർമ്മാണ വേളയിൽ ദേശീയപാതയിലെ അറ്റകുറ്റപ്പണിയുടെ ചുമതല കെ.എം.സി കമ്പനിക്കാണ്. ഒപ്പം ദേശീയപാതയുടെ സുരക്ഷാമേൽനോട്ടവും. ഒന്നരവർഷത്തോളം റോഡ് തകർന്നുകിടന്നിട്ടും കമ്പനി മുഖം തിരിച്ചു നിന്നു. ഒടുവിൽ ജില്ലാഭരണകൂടമാണ് അറ്റകുറ്റപ്പണികൾക്കായി പണം അനുവദിച്ചത്.

വനംവകുപ്പിന്റെ അനുമതി പ്രശ്‌നം

തുരങ്കത്തിന്റെ ഇരുഭാഗങ്ങളിൽ നിന്നും മണ്ണ് തുരങ്കത്തിന് മുകളിലേക്ക് ഇടിയുന്നുണ്ട്. ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെങ്കിൽ വനംവകുപ്പിന്റെ ഭൂമി ഏറ്റെടുക്കണം. 2017 സെപ്തംബറിൽ ഇതിനുള്ള അപേക്ഷ വനംവകുപ്പിന് എൻ.എച്ച്.എ.ഐ കൈമാറി. എത്ര ഭൂമി ഏറ്റെടുക്കണം എന്നതിന്റെ സർവേ റിപ്പോർട്ടോ നീക്കം ചെയ്യേണ്ട കല്ലിന്റെയും മണ്ണിന്റെയും അളവുൾപ്പെടുന്ന നിർദിഷ്ട അപേക്ഷയോ ഇതുവരെ സമർപ്പിച്ചിട്ടില്ല.

ദേശീയപാത നിർമാണ കരാർ ഒപ്പിട്ടത് -2009ൽ

കരാർ ഇങ്ങനെ...

1. 253 ദിവസത്തിനുള്ളിൽ പദ്ധതിവിഹിതത്തിന്റെ 10 ശതമാനം
2. 513 ദിവസത്തിനുള്ളിൽ 35 ശതമാനം
3. 773 ദിവസത്തിനുള്ളിൽ 70 ശതമാനം
4. 913 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തീകരണം

 പൂർത്തിയാകാനുള്ള പണികൾ

1 മൂന്ന് അടിപ്പാത

2 ഒരു മേൽപ്പാലം

3 രണ്ട് സിഗ്‌നലുകൾ

4 10 കിലോമീറ്റർ സർവീസ് റോഡ്

5 ഇരട്ടക്കുഴൽ തുരങ്കം

6 24 കിലോമീറ്ററിൽ വൈദ്യുതിവിളക്കുകൾ സ്ഥാപിക്കൽ

7 ആറ് കലുങ്കുകൾ

8 എട്ട് കിലോമീറ്റർ അഴുക്കുചാൽ