cheru-cp

തൃശൂർ: പറപ്പൂർ ചിറ്റിലപ്പിള്ളി വീട്ടിൽ സി.പി. ചേറു തൃശൂരിലെ വൃദ്ധജനങ്ങൾക്ക് സ്നേഹദൂതനാണ്. ഒൗദ്യോഗിക ജീവിതകാലത്തെ ചില സങ്കടക്കാഴ്ചകളാണ് റിട്ടയേർഡ് ജീവിതത്തിൽ വൃദ്ധജനങ്ങൾക്ക് കാഴ്‌ചയുടെയും കാരുണ്യത്തിന്റെയും വെളിച്ചം പകരാൻ ചേറുവിന് നിമിത്തമായത്.

അങ്ങനെയാണ് പറപ്പൂരിൽ വൃദ്ധജനങ്ങൾക്കായി ഒരു പകൽ വീടും അവിടെ സൗജന്യ തിമിര പരിശോധനാ ക്യാമ്പും തുടങ്ങിയത്. ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ എത്തിച്ചാണ് ശസ്‌ത്രക്രിയ നടത്തുന്നത്.

തൃശൂരുകാർ ചേറുവിനെ കാണുമ്പോൾ ചോദിക്കും. എപ്പോഴാണ് അടുത്ത ക്യാമ്പ് ...?

ഇനി ഒക്ടോബർ 13നാണ്. ജനുവരി 20, ഏപ്രിൽ 21, ജൂലായ് 14 തീയതികളിൽ ഈ വർഷത്തെ മൂന്ന് ക്യാമ്പുകൾ കഴിഞ്ഞു. മൂന്ന് മാസത്തിലൊരിക്കൽ രണ്ടാം ഞായറാഴ്ചയാണ് ക്യാമ്പ്. 15 വർഷത്തിനിടെ 60 ക്യാമ്പുകൾ. 18,134 പേർ ഇതുവരെ പരിശോധനയ്‌ക്കെത്തി. 4960 പേർ തിമിര ശസ്‌ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്തു.
ക്യാമ്പിനെത്തുന്നവർക്ക് രാവിലെ കാപ്പിയും ബിസ്‌കറ്റും. ഉച്ചയ്ക്ക് വെജിറ്റേറിയൻ ഊണ്. ഉച്ചയൂണിന് മുമ്പ് ക്യാമ്പ് പൂർത്തിയാകും. ശസ്‌ത്രക്രിയ

ആവശ്യമുള്ളവരുമായി ടൂറിസ്റ്റ് ബസ് നേരെ കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക്. ഇന്നലെ രണ്ടു ബസുകളിലായി 91 പേർ പുറപ്പെട്ടു. സഹായത്തിന് ബന്ധുക്കൾ വേണ്ട. ആശുപത്രിയിൽ ശസ്ത്രക്രിയ. ഭക്ഷണം, താമസം, ചികിത്സ, മരുന്ന് എന്നിവ സൗജന്യമാണ്. മൂന്നാം ദിവസം തിരിച്ച് വീട്ടിലേക്കെത്താം.

തൃശൂർ അസി. ലെപ്രസി ഓഫീസറായി വിരമിച്ച ചേറു ഔദ്യോഗിക ജീവിതത്തിനിടെ സന്ദർശിച്ച ചില വീടുകളിൽ വൃദ്ധർ അനുഭവിക്കുന്ന യാതനകൾക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു. മിണ്ടാനും പറയാനും ആരുമില്ലാതെ മുറികളിൽ ഒതുങ്ങിക്കൂടിയവർ...കണ്ണു കാണാത്തവർ... ഇങ്ങനെ പലതരത്തിൽ കഷ്‌ടപ്പെടുന്നവർ... വീട്ടുകാർ പകൽ ജോലിക്ക് പോകുമ്പോൾ ഒറ്റപ്പെടുന്ന വൃദ്ധർക്ക് പരസ്പരം സംസാരിക്കാൻ പകൽവീടും തിമിര ശസ്ത്രക്രിയാക്യാമ്പും ചേറു ആരംഭിച്ചത് അങ്ങനെയാണ്.

സാമ്പത്തികമായും അല്ലാതെയും സഹായത്തിന് പലരുമുണ്ട്. 7.20 ലക്ഷം രൂപ ചെലവിൽ കെട്ടിടം പണിതു നൽകിയത് സഹപാഠിയായ വി - ഗാ‌ർഡ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ്. അയൽവാസിയായിരുന്ന അരകുളത്തിൽ ഉണ്ണീരി ശങ്കരപ്പയുടെ സ്‌മരണയ്‌ക്കായി മകൻ എ.എസ്. ലാൽ മുടങ്ങാതെ ക്യാമ്പിന് സഹായം നൽകുന്നു. പത്തുവർഷമായി ഒക്ടോബർ ഒന്നിന് വൃദ്ധദിനത്തിൽ സൗജന്യമായി

ഉല്ലാസയാത്രയുമുണ്ട്. അനാഥമന്ദിരങ്ങളിലെ വൃദ്ധർക്കായി 2018ൽ വിമാനയാത്രയും ചേറു സംഘടിപ്പിച്ചു.