kerala-feeds

മാള: അസംസ്‌കൃത വസ്തുക്കളായ തവിട്,​ പിണ്ണാക്ക്,​ ചോളം എന്നിവയുടെ വില ക്രമാതീതമായി വർദ്ധിച്ചതോടെ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന് പ്രതിമാസം ശരാശരി അഞ്ച് കോടിയുടെ നഷ്ടം. സർക്കാർ സഹായമില്ലാതെ ഈ അവസ്ഥ തുടർന്നാൽ സ്ഥാപനം പൂട്ടിയേക്കും.

ദിവസം ഇരുപതിനായിരം ചാക്ക് കാലിത്തീറ്റ നിർമ്മിക്കുന്ന കമ്പനി ചാക്കൊന്നിന് 150 രൂപ നഷ്ടത്തിലാണ് പോകുന്നത്. തവിട്, ചോളം, തേങ്ങാ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, സോയാബീൻ, കാത്സ്യം പൊടി, ഉപ്പ്, മൊളാസസ്, എണ്ണ എടുക്കാത്ത തവിട് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില 50 ശതമാനത്തോളമാണ് വർദ്ധിച്ചത്. ഒരു കിലോ ചോളത്തിന്റെ വില 11 രൂപയായിരുന്നത് ഇരട്ടിയിലേറെയായി. തേങ്ങാ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, തവിട് എന്നിവയ്ക്കും അമ്പത് ശതമാനത്തിലേറെ വർദ്ധിച്ചു. കാലിത്തീറ്റയുടെ എല്ലാ അസംസ്‌കൃത വസ്തുക്കളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ചോളം, തവിട് തുടങ്ങിയവ തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഒറീസ, ബിഹാർ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുന്നത്. ഗോവധ നിരോധനത്തോടെ ഈ സംസ്ഥാനങ്ങളിൽ കന്നുകാലികൾ വർദ്ധിച്ചതോടെ അവിടങ്ങളിലെ അസംസ്‌കൃത വസ്തുക്കളുടെ വിലയും വർദ്ധിച്ചു. കന്നുകുട്ടി പരിപാലന പദ്ധതിക്കായി സർക്കാരിന് നൽകുന്ന പ്രത്യേക തീറ്റയ്ക്ക് ചാക്കൊന്നിന് 300 രൂപ നഷ്ടമാണ് കമ്പനിക്കുണ്ടാകുന്നത്.

പ്രതിസന്ധി ക്ഷീരമേഖലയിലേക്കും

അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധന കമ്പനിയെയും കാലിത്തീറ്റയുടെ വിലവർദ്ധന ക്ഷീര കർഷകരെയും പ്രതിസന്ധിയിലാക്കും. കേരള ഫീഡ്‌സ് വില കൂട്ടിയാൽ സ്വകാര്യ കാലിത്തീറ്റ കമ്പനികളും വില കൂട്ടും. കേരള ഫീഡ്‌സ് വിപണിയിൽ ഇല്ലാതായാൽ പ്രയോജനം സ്വകാര്യ കമ്പനികൾക്കായിരിക്കും. അടുത്തിടെ 150 രൂപയോളമാണ് ചാക്കൊന്നിന് കൂടിയത് ക്ഷീരകർഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.


''കേരള ഫീഡ്‌സിനെ നിലനിറുത്തിയില്ലെങ്കിൽ സ്വകാര്യ കമ്പനികൾ നിലവാരമില്ലാത്ത കാലിത്തീറ്റ കൂടിയ വിലയിൽ വിറ്റ് ക്ഷീര കർഷകരെ ചൂഷണം ചെയ്യും. അതിനാൽ ഫീഡ്‌സിനെ സംരക്ഷിക്കാൻ സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണം''

--കേരള ഫീഡ്‌സ് എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി

നഷ്ടം ഇങ്ങനെ

മാസം 5 കോടി രൂപ

ഒരു ചാക്കിന് 150 രൂപ

കേരള ഫീഡ്സ് ഒരു ദിവസം

നിർമ്മിക്കുന്നത് 20,000​ ചാക്ക്

ജീവനക്കാർ

കല്ലേറ്റുംകരയിൽ 500 ​

കരുനാഗപ്പള്ളി,​ കോഴിക്കോട് പ്ളാന്റുകളിൽ 200 പേർ

പ്രധാന ഉത്പന്നങ്ങൾ

മിടുക്കി

എലൈറ്റ്

റിച്ച്

കന്നുകുട്ടികൾക്ക് തീറ്റ (സ്പെഷ്യൽ)​