കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ബാക്കി വരുന്ന തുക വിനിയോഗിച്ച് തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ വീട് നിർമ്മിച്ചു നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം കൊടുങ്ങല്ലൂർ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും താലൂക്ക് തല സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ഫണ്ടിന്റെ ഉപയോഗം സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ജില്ലയിൽ 500 വീടും താലൂക്കിൽ 92 വീടുകളുമാണ് നിർമ്മിച്ചു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയ ആല സർവീസ് സഹകരണ ബാങ്കിനെ മന്ത്രി ആദരിച്ചു. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ ഓഫീസ് ഇൻസ്‌പെക്ടർ വി.ആർ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ കെയർ ഹോം ഫലക സമർപ്പണം നിർവ്വഹിച്ചു. അസി. രജിസ്ട്രാർ സി.കെ. ഗീത, നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, അസി. രജിസ്ട്രാർ ഓഫീസ് സീനിയർ ഇൻസ്‌പെക്ടർ ടി.ജി. ലക്ഷ്മി, ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസാദിനി മോഹനൻ, എ.പി ആദർശ്, ഇ.ജി. സുരേന്ദ്രൻ, കെ.കെ. സച്ചിത്ത്, ടി വി. സുരേഷ്, ബൈന പ്രദീപ്, ജില്ലാപഞ്ചായത്ത് മെമ്പർമാർ, സഹകരണ ബാങ്ക് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.