seashell
പ്രതീകാത്മക ചിത്രം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഗോപുരത്തിൽ നിന്ന് ക്ഷേത്രച്ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ശംഖം നഷ്ടപ്പെട്ടത് ദേവസ്വം അധികൃതർ അറിഞ്ഞില്ല. ഒരു മാസം മുമ്പ് നഷ്ടപ്പെട്ട ശംഖ് കൊറിയറിൽ ക്ഷമാപണ കത്തോടെ തിരിച്ചെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റർ തന്നെ അറിയുന്നത്. അതിനിടെ ക്ഷേത്ര ഗോപുരത്തിൽ നിന്ന് ശംഖ് നഷ്ടപ്പെട്ട വിവരം അഡ്മിനിസ്ട്രേറ്റർക്ക് റിപ്പോർട്ട് ചെയ്യാതെ മറച്ചുവച്ച ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്..

ഒരു പാരമ്പര്യ ജീവനക്കാരനാണ് ശംഖ് നഷ്ടപ്പെട്ടതും കൊറിയർ ലഭിച്ചതുമായ വിവരങ്ങൾ ചോർത്തി പുറം ലോകത്തെത്തിച്ചത്. വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ടതും ഏറെക്കാലം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. നഷ്ടപ്പെട്ട ഭഗവാന്റെ തിരുവാഭരണം ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. ദിവസവും പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിനും വിളക്കെഴുന്നള്ളിപ്പിനും മറ്റ് വിശേഷാവസരങ്ങളിലുമൊക്കെ ഉപയോഗിക്കുന്ന ശംഖാണ് നഷ്ടപ്പെട്ടത്. ശംഖ് നഷ്ടപ്പെട്ടതോടെ മറ്റൊരു ശംഖ് ഉപയോഗിച്ച് ചടങ്ങ് നിർവഹിച്ചു വരികയായിരുന്നു. ഇതിനിടെയാണ് വിജയവാഡയിൽ നിന്ന് ക്ഷമാപണ കുറിപ്പോടെ ശംഖ് പാഴ്സലിൽ തിരിച്ചെത്തിയത്.