ഗുരുവായൂർ: നഗരസഭ ടൗൺ ഹാളിലെ മുറിയിൽ സ്ഥാപിച്ചിരുന്നത് ഡമ്മി കാമറകൾ മാത്രമായിരുന്നുവെന്ന് പൊലീസ് അറിയിച്ചതായി ചെയർപേഴ്സൻ വി.എസ്. രേവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാമറയുടെ പേരിൽ പ്രതിപക്ഷം നടത്തിയ സമരങ്ങൾ രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ഇതോടെ വ്യക്തമായി.
ആക്ഷേപങ്ങൾ ഉയർന്നപ്പോൾ തന്നെ നഗരസഭ നടത്തിയ അന്വേഷണത്തിൽ ആരോപണം അടിസ്ഥാനഹരിതമാണെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. എന്നാൽ ചില കൗൺസിലർമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ പൊലീസ് വിവിധ സാങ്കേതിക ഏജൻസികളുടെ സഹായം തേടി. ഇവർ നടത്തിയ അന്വേഷണത്തിലും ടൗൺ ഹാളിലെ സെക്യൂരിറ്റി മുറിയിൽ ഉണ്ടായിരുന്നത് കാമറയുടെ മാതൃക മാത്രമാണെന്ന് തെളിഞ്ഞു. നഗരസഭയെ അവഹേളിക്കുന്ന വിധത്തിൽ ഉയർന്ന ആക്ഷേപങ്ങൾ തള്ളിക്കള്ളയണമെന്നും അവർ ആവശ്യപ്പെട്ടു. ഹെൽത്ത് സൂപ്പർവൈസറുടെ മുറിയിൽ കയറി വന്ന് അതിക്രമം കാണിച്ചവർക്ക് നേരെയുള്ള നിയമ നടപടികൾ തുടരും. ഈ സംഭവത്തിൽ കൗൺസിൽ തീരുമാനം അനുസരിച്ചാണ് പരാതി നൽകിയത്. കൗൺസിലിൽ പ്രൊഫ. പി.കെ. ശാന്തകുമാരി വിഷയം ഉന്നയിച്ചപ്പോൾ ആരും എതിരഭിപ്രായം പറഞ്ഞിട്ടില്ല. കൗൺസിലർമാർ സമരം നടത്തുന്നതിനിടയിൽ കയറി വന്നവരെ കുറിച്ചാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും നഗരസഭാദ്ധ്യക്ഷ പറഞ്ഞു. വൈസ് ചെയർമാൻ കെ.പി. വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ നിർമ്മല കേരളൻ, കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, എം. രതി, മുൻ നഗരസഭാദ്ധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..