തൃപ്രയാർ: കർക്കടക മാസാചരണത്തോട് അനുബന്ധിച്ചുള്ള നാലമ്പല തീർത്ഥാടനത്തിന് നാളെ തൃപ്രയാറിൽ തുടക്കമാവും. ഇനി ഒരു മാസക്കാലം ഈശ്വരസേവയ്ക്കായി ഭക്തർ മാറ്റിവയ്ക്കും. ശ്രീരാമ ഭരതലക്ഷ്മണ ശത്രുഘ്‌ന ക്ഷേത്രങ്ങൾ ഒരേ ദിവസം ദർശനം നടത്തുന്നതാണ് നാലമ്പല തീർത്ഥാടനം. ശ്രീരാമനെ തൊഴുത് കൊണ്ടാരംഭിക്കുന്ന യാത്ര ശ്രീരാമനെ തൊഴുത് കൊണ്ടുതന്നെ അവസാനിക്കുന്നു.
ദർശനത്തിനായി ഓരോ ദിവസവും ആയിരക്കണക്കിന് ഭക്തരാണ് തൃപ്രയാറിൽ എത്തുക. ഭക്തർക്കായി ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. വരിയിൽ നിന്നു തന്നെ ഭക്തർക്ക് വഴിപാട് ശീട്ടാക്കാം. അതിനായി കൂടുതൽ കൗണ്ടറുകളും തുറക്കും. ക്ഷേത്ര മതിൽക്കെട്ടിനകത്തും പുറത്തും മഴ നനയാതെ വരി നിൽക്കാൻ പന്തൽ നിർമ്മിച്ചു കഴിഞ്ഞു. ഒരേ സമയം പന്തലിൽ 5,000ൽ അധികം പേർക്ക് മഴ നനയാതെ നിൽക്കാം. ശുദ്ധ ജലം, വൈദ്യസഹായം, ടോയ്‌ലറ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തും സി.സി.ടി.വി കാമറകൾ സജ്ജമാക്കി. വാഹനങ്ങൾക്ക് പടിഞ്ഞാറെ നടയിൽ പാട്ടപ്രവൃത്തി ആഫീസ് അങ്കണത്തിൽ പാർക്കിംഗ് സൗകര്യമുണ്ട്. പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം ലഭ്യമാണെന്ന് ദേവസ്വം മാനേജർ അറിയിച്ചു..