തൃശൂർ: ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാൻ ടി.എൻ പ്രതാപൻ എം.പി രാജി സമർപ്പിച്ച് പത്ത് ദിവസം കഴിയുമ്പോൾ നാഥനില്ലാ കോൺഗ്രസിൽ ഗ്രൂപ്പ് പിടിവലി ശക്തം. ഒരാഴ്ചയ്ക്കകം തീരുമാനമാകുമെന്ന് നേതാക്കൾ തന്നെ പറയുന്നുണ്ടെങ്കിലും ആര് അമരക്കാരനാകണമെന്ന തീരുമാനത്തിനായി ഗ്രൂപ്പ് ചേരുവകൾ കൂട്ടിക്കിഴിക്കുകയാണ് ഗ്രൂപ്പ് മാനേജർമാരും പ്രധാന നേതാക്കന്മാരും. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ അദ്ധ്യക്ഷപദവി സംബന്ധിച്ച തർക്കം മങ്ങലാകുമോയെന്ന വികാരവും കോൺഗ്രസിലെ ചില നേതാക്കൾ പങ്കിടുന്നുമുണ്ട്. ഒരു കാലത്ത് ഗ്രൂപ്പ് ബലാബലത്തിൽ കുപ്രസിദ്ധി നേടിയ കോൺഗ്രസ് തട്ടകമായിരുന്നു തൃശൂർ.

കഴിഞ്ഞ ആറിനാണ് ടി.എൻ പ്രതാപൻ രാജിക്കത്ത് സമർപ്പിച്ചത്. രണ്ട് ചുമതലകളും വഹിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. സ്ഥാനമൊഴിഞ്ഞെങ്കിലും, പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ ടി.എന്‍ പ്രതാപന്റെ അഭിപ്രായവും പാര്‍ട്ടി മുഖവിലയ്‌ക്കെടുത്തേക്കും. അതേസമയം, ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ താത്പര്യം കാണിച്ച സാഹചര്യത്തിൽ ടി.എൻ പ്രതാപൻ തുടരട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതായും പറയുന്നു. രണ്ടു പദവി നൽകുന്നതിൽ എതിർപ്പുള്ളവരുമുണ്ട്. വി.എം സുധീരൻ പക്ഷക്കാരനായാണ് പ്രതാപൻ തൃശൂരിലെ കോൺഗ്രസിന്റെ അമരത്തെത്തിയതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ഐ ഗ്രൂപ്പിനോട് അടുത്തിരുന്നതായാണ് ഐ ഗ്രൂപ്പ് പറയുന്നത്. ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുത്തുമില്ല. എം.പിയായ ശേഷം പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരേണ്ടി വന്നാൽ അത് എം.പി എന്ന നിലയിലുള്ള സ്വീകാര്യത ഇല്ലാതാക്കുമോ എന്നതാണ് പ്രതാപന്റെ ആശങ്ക.

അതേസമയം, ഗ്രൂപ്പ് യോഗങ്ങൾ വീണ്ടും സജീവമായി. കഴിഞ്ഞദിവസം കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിന്റെ വീട്ടിൽ ഐ ഗ്രൂപ്പിൻ്റെ അനൗപചാരിക യോഗം ചേർന്നിരുന്നു. എ ഗ്രൂപ്പ് നേതാക്കളുടെ കൂടിക്കാഴ്ചകളും നടക്കുന്നുണ്ട്. ഐ ഗ്രൂപ്പ് ദീർഘകാലമായി കൈവശം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം ഒത്തുതീർപ്പിന്റെ ഭാഗമായാണ് വർഷങ്ങൾക്ക് മുമ്പ് എ ഗ്രൂപ്പിലേയ്ക്ക് എത്തുന്നത്. ഒ. അബ്ദുറഹ്മാൻകുട്ടിയും പി.എ. മാധവനുമെല്ലാം അങ്ങനെയാണ് രംഗത്തെത്തുന്നത്.

ഐ ഗ്രൂപ്പ് വാദങ്ങൾ

തൃശൂർ എക്കാലത്തും ഗ്രൂപ്പിൻ്റെ തട്ടകമാണ്.

പ്രസിഡന്റ് സ്ഥാനം ഇനി വിട്ടുകൊടുക്കാനാവില്ല.

പാർട്ടിയുടെ വളർച്ചയ്ക്ക് നേതാക്കളുടെ പങ്ക് വലുത്

സാദ്ധ്യതാ ലിസ്റ്റ്:

ടി.യു രാധാകൃഷ്ണൻ

ടി.വി ചന്ദ്രമോഹൻ

ജോസഫ് ചാലിശേരി

ജോസ് വള്ളൂർ

എം.പി വിൻസെന്റ്.

എ ഗ്രൂപ്പ് വാദങ്ങൾ

പ്രവർത്തനമികവ് മുൻനിറുത്തി പദവി നൽകണം

ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ നിർണ്ണായകമായി

നേതാക്കളുടെ മികവും പരിഗണിക്കണം.

സാദ്ധ്യതാലിസ്റ്റ്:

ജോസഫ് ടാജറ്റ്

പി.എ.മാധവന്‍

രാജേന്ദ്രൻ അരങ്ങത്ത്