മാള: ഒരു ചടങ്ങിന് മന്ത്രിയെ കൊണ്ടുവരാൻ മാസങ്ങൾ കാത്തിരുന്ന നിരാശയോടെ സി.പി.എം നേതാവ് കൂടിയായ മാള പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സുകുമാരൻ സ്വയം ഉദ്ഘാടകനായ ശേഷം കസേരയൊഴിഞ്ഞു. ആധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ്, പഞ്ചായത്ത് അംഗങ്ങൾക്കുള്ള ഇരിപ്പിടം അടങ്ങുന്ന സംവിധാനം, ജീവനക്കാർക്ക് ഡൈനിംഗ് മുറി, പഞ്ചായത്തിന്റെ വിവരണങ്ങളുള്ള വീഡിയോ പ്രദർശന സംവിധാനം എന്നിവയാണ് ഒരുക്കിയത്.
നിർമ്മാണങ്ങൾ പൂർത്തിയാക്കി ഉദ്‌ഘാടനത്തിനായി മൂന്ന് മാസത്തിലധികം കാത്തിരുന്നു. എന്നാൽ മന്ത്രിയെ കൊണ്ടുവരാനുള്ള താൽപ്പര്യം പാർട്ടി കാണിക്കാതിരുന്നതിനാലാണ് ഇപ്പോൾ രാജി വയ്‌ക്കേണ്ട അവസരത്തിൽ ഉദ്‌ഘാടനം ചടങ്ങിലൊതുക്കിയത്. എൽ.ഡി.എഫ് ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിന് മുൻപായി വലിയ പരിപാടിയോടെ ഉദ്‌ഘാടനം നടത്താനായിരുന്നു ആഗ്രഹിച്ചിരുന്നത്. സി.പി.എം അഷ്ടമിച്ചിറ ലോക്കൽ കമ്മിറ്റി അംഗമായ പി.കെ. സുകുമാരന് പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണ് മന്ത്രിയെ ക്ഷണിക്കാൻ താൽപ്പര്യം കാണിക്കാതിരിക്കാൻ ഇടയാക്കിയതെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാൽ ഉദ്‌ഘാടനത്തിനായി ജില്ലയിലെ രണ്ട് മന്ത്രിമാരിൽ ആരെയെങ്കിലും ലഭിക്കുമെന്നാണ് കരുതിയിരുന്നത്.
പി.കെ.സുകുമാരന്റെ ആവശ്യം പാർട്ടി നേതൃത്വം പരിഗണിക്കാത്ത സാഹചര്യത്തിലാണ് ചടങ്ങിന് മാത്രം ഉദ്‌ഘാടനം നടത്തിയത്. പഞ്ചായത്തിൽ എൽ.ഡി.എഫ് ഏകോപന സമിതി യോഗം ചേർന്നിട്ട് മാസങ്ങൾ കഴിഞ്ഞുവെന്നാണ് ചില നേതാക്കൾ നൽകുന്ന സൂചന. വേണ്ടത്ര കൂടിയാലോചനകൾ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയിരുന്നില്ലെന്നതാണ് ചില പാർട്ടി നേതാക്കളുടെ അപ്രീതിക്ക് ഇടയാക്കിയതെന്നും അറിയുന്നു.