ചാലക്കുടി: പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്കായി വി.ആർ. പുരം കസ്തുർബകേന്ദ്രത്തോട് അനുബന്ധിച്ച് ഫ്‌ളാറ്റ് നിർമ്മിക്കാനുള്ള തീരുമാനം അട്ടിമറിക്കുന്ന വാർഡ് കൗൺസിലറുടെ ഗൂഢതന്ത്രം വെളിച്ചത്തു കൊണ്ടുവരാൻ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ചാലക്കുടി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കൗൺസിലർ ഷിബു വാലപ്പൻ ചില സമുദായ നേതാക്കളെ കൂട്ടുപിടിച്ച് ഫ്‌ളാറ്റ് നിർമ്മാണം തടയാൻ ശ്രമിക്കുന്നത്. പ്രളയ പുനരധിവാസത്തിൽ സർക്കാരും നഗരസഭയും അനാസ്ഥ കാട്ടുവെന്ന് കുറ്റപ്പെടുത്തി ഒരു തലയ്ക്കൽ പ്രചരണം നടത്തുകയാണ് വാർഡ് കൗൺസിലറും അദ്ദേഹത്തിന്റെ പാർട്ടിയും. മറുതലയ്ക്കൽ പുനരധിവാസം തടയാനുള്ള രഹസ്യ നീക്കങ്ങളും സംഘടിപ്പിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
വാർഡ് കൗൺസിലറുടെ ഇരട്ടത്താപ്പും തന്ത്രങ്ങളും ജനങ്ങൾ തരിച്ചറിയണം. പാവപ്പെട്ടവന്റെ കിടപ്പാടം പദ്ധതിയെ തടയാൻ ശ്രമിച്ചാൽ അദ്ദേഹത്തെ വഴിയിൽ തടയുമെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി ജിൽ ആന്റണി, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം നിധിൻ പുല്ലൻ സി.ഡി. മിഥുൻദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.