തൃശൂർ: തൃശൂർ പൂരത്തിനും ബോൺ നതാലെയ്ക്കും പ്രത്യേക കേന്ദ്ര ഫണ്ട് അനുവദിക്കണമെന്നും തൃശൂർ കേന്ദ്രമായി ഒരു സാംസ്‌കാരിക തീർത്ഥാടക പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നും ടി.എൻ പ്രതാപൻ എം.പി. ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ അത് പരിഗണിക്കാമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പറഞ്ഞു. വലിയ ഉത്സവങ്ങൾക്കും സാംസ്‌കാരിക ആഘോഷങ്ങൾക്കുമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ഫണ്ട് അനുവദിക്കാറുണ്ട്. സംസ്ഥാന കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് ഈ ഫണ്ട് അനുവദിക്കുന്നത്. തൃശൂർ പൂരത്തിനും ബോൺ നതാലെക്കും അങ്ങനെയൊരു ആവശ്യം സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടില്ല എന്ന് മറുപടിയിൽ മന്ത്രി വിശദീകരിച്ചു.
സംസ്ഥാന സർക്കാരുമായി ചേർന്ന് പീച്ചി, ചിമ്മിനി ഡാമുകൾ കേന്ദ്രീകരിച്ച് ടൂറിസം പാക്കേജ് അനുവദിക്കണമെന്ന ആവശ്യത്തിന് മറുപടിയായി ആദ്യം സംസ്ഥാന സർക്കാർ അങ്ങനെയൊരു പദ്ധതിയുടെ സാദ്ധ്യത പഠിക്കട്ടെയെന്നും കേന്ദ്ര സർക്കാർ വിലയിരുത്തി പദ്ധതി പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവിൽ കേരളത്തിൽ തീർത്ഥാടക ഗ്രാമീണ പാരിസ്ഥിതിക ടൂറിസത്തിന്റെ ഭാഗമായി ആറ് പ്രത്യേക സർക്യൂട്ടുകൾ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി 500 കോടിയുടെ ധനസഹായവും ഇതിലേക്കായി സർക്കാർ നൽകുന്നുണ്ട്. തൃശൂർ ജില്ലയിലെ പല പ്രദേശങ്ങളും ഈ സർക്യൂട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും തൃശൂർ ആസ്ഥാനമാക്കി പ്രത്യേക തീർത്ഥാടന സാംസ്‌കാരിക പാരിസ്ഥിതിക ടൂറിസം പാക്കേജിനെ പറ്റിയുള്ള ആവശ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.