എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പന്നിഫാമുകൾ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫാമുകൾ അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയത്.

പന്നിഫാമുകൾ പരിസരമലിനീകരണം സൃഷ്ടിക്കുന്നതിനെ കുറിച്ച് കേരളകൗമുദി റിപ്പോർട്ട് നൽകിയിരുന്നു. പഞ്ചായത്തിലെ മണ്ടംപറമ്പ്, മലയകം പ്രദേശങ്ങളിൽ നിരവധി പന്നി ഫാമുകളാണ് ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നത്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഫാമുകൾ വലിയ രീതിയിലാണ് പരിസരമലിനീകരണം സൃഷ്ടിക്കുന്നത്.

പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധിച്ച് അടച്ചു പൂട്ടാൻ മുൻപ് നിർദേശം നൽകിയിരുന്നെങ്കിലും വകവയ്ക്കാതെ നിയമ വിരുദ്ധമായി ഫാമുകൾ പ്രവർത്തിക്കുകയായിരുന്നു. വീണ്ടും പരാതി ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.കെ. അബ്ദുൾ ലത്തീഫ്, കെ.എഫ്. ബാബു, മനോജ് കെ. കുമാർ എന്നിവരും വാർഡ് മെമ്പർ ടി.പി. ജോസഫും പരിശോധനയിൽ പങ്കെടുത്തു.

ഫാമുകളിൽ

ഫാം പ്രവർത്തനം മണ്ടംപറമ്പ്, മലയകം പ്രദേശത്ത്

മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സംവിധാനമില്ല

ഫാമിലും പരിസരങ്ങളിലും രൂക്ഷമായ ദുർഗന്ധം

ഫാം അടച്ചുപൂട്ടാൻ നിർദേശിച്ചിട്ടും പാലിച്ചില്ല

വീണ്ടും പരാതി ഉയർന്നപ്പോൾ ആരോഗ്യവകുപ്പ് പൂട്ടിച്ചു

ഫാമുകൾ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ