ചാഴൂർ : പൊലീസ് നിർദ്ദേശത്തെ തുടർന്ന് അടച്ചിട്ട തട്ടുകടകൾ തുറന്നതോടെ നാടൻരുചിക്കൊപ്പം പുള്ളിലെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മനം നിറഞ്ഞു. 20 ദിവസത്തോളം അടച്ചിട്ട ഒരു ഡസനോളം തട്ടുകടകളാണ് വീണ്ടും സജീവമായത്. ചുറ്റും വെള്ളം നിറഞ്ഞ പാടങ്ങളുള്ള പുള്ളിന്റെ പ്രകൃതി രമണീയത നുകരാനെത്തുന്നവരിൽ ഭൂരിഭാഗം പേർക്കും പ്രിയപ്പെട്ടവയായിരുന്നു പുള്ള് മനക്കൊടി പാതയോരത്തെ നാടൻ തട്ടുകടകൾ. സായാഹ്നങ്ങളിൽ ഇവിടേക്കെത്തുന്നത് നൂറു കണക്കിന് പേരാണ്. തട്ടുകടകൾക്ക് മുന്നിലൂടെ പോയാൽ ഒന്ന് ബ്രേക്കിടാൻ ഏത് വണ്ടിക്കാരനും തോന്നും വിധം വൈവിദ്ധ്യം നിറഞ്ഞതാണ് വിഭവങ്ങൾ. മുയൽ, ഞണ്ട്, കക്ക, താറാവ്, കൂന്തൽ, പോർക്ക്, ബീഫ്, ആട്ടിൻതല, തലച്ചോർ, മീൻ പലിഞ്ഞീൻ, മുട്ട തുടങ്ങി അങ്ങനെ വിഭവങ്ങൾ നീളും. വൈകിട്ട് നാലു മണി മുതൽ പത്ത് മണി വരെയാണ് ഇവ തുറക്കുക. പ്രധാന വിഭവങ്ങൾ വീട്ടിൽ നിന്ന് ഉണ്ടാക്കിയാണെത്തിക്കുക. തൃപ്രയാർ നിന്നും തൃശൂരിലേക്ക് എളുപ്പ വഴിയായും ഇതിലേ പോകാം. അതിനാൽ ഇതിലൂടെ വാഹനസഞ്ചാരവും കുറവല്ല. പല കടക്കാർക്കും സ്‌പെഷ്യൽ വിഭവങ്ങൾക്ക് സ്ഥിരം കസ്റ്റമേഴ്‌സ് വരെയുണ്ട്. പരസ്പര വൈരാഗ്യത്തെ തുടർന്ന് തട്ടുകടകളിലൊന്ന് ആരോ തീ വച്ചതിനെ തുടർന്നാണ് തത്കാലം കടകൾ അടക്കാൻ പൊലീസ് നിർദ്ദേശിക്കുന്നത്. എല്ലാവരോടും ലൈസൻസ് ഹാജരാക്കാനും ആവശ്യപ്പെട്ടു. തുടർന്ന് എസ്.പിക്കും, കളക്ടർക്കും പരാതി നൽകിയതിനെ തുടർന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചു. തട്ടുകടകൾ തുറന്നു പ്രവർത്തിച്ചതോടെ വീണ്ടും പുള്ളിൽ സഞ്ചാരികൾ സജീവമായി. ദിവസങ്ങളോളം തൊഴിൽ നഷ്ടപ്പെട്ട പല കുടുംബങ്ങളും ആശ്വാസത്തിലാണ്.
................
രണ്ട് വർഷം മുമ്പ് എക്കോ ടൂറിസം പദ്ധതിയിൽപെടുത്തി 4.90 കോടി വിനിയോഗിച്ച് പുള്ളിൽ പദ്ധതി നടപ്പിലാക്കാനായി വിവിധ വകുപ്പുകളുമായി ചർച്ച നടത്തിയിരുന്നു. അന്ന് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പ്രളയക്കെടുതി മൂലം പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതിക്കായി വീണ്ടും ശ്രമം നടത്തുന്നുണ്ട്.
ഷീല വിജയകുമാർ
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
............................
തട്ടുകടകളിലൊന്ന് ആരോ തീ വച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെടലുണ്ടാകുന്നത്. ചില കടകളിലുള്ളവർ തമ്മിൽ പ്രശ്‌നങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് കടകൾ അടച്ചിടാൻ നിർദ്ദേശം നൽകിയത്
പൊലീസ് അധികൃതർ
..............
പൊലീസ് തട്ടുകടക്കാരോട് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. 90 ദിവസത്തേക്ക് അടയ്ക്കാൻ നിർദ്ദേശിച്ചു. കടകൾക്ക് സേഫ്റ്റി ലൈസൻസ് ഉണ്ട്. ജോലിക്കാർക്ക് ഹെൽത്ത് കാർഡും.
ഐ.എ റപ്പായി
പ്രസിഡന്റ്
കേരള വഴിവാണിഭ സഭ (എച്ച്.എം.എസ്)