അന്തിക്കാട്: ഒറ്റ ദിവസം പെയ്ത മഴയിൽ സ്കൂളിനു സമീപത്തെ റോഡിൽ വെള്ളം കയറിയത് വിദ്യാർത്ഥികളെയും യാത്രക്കാരെയും ദുരിതത്തിലാക്കി. അന്തിക്കാട് ഹൈസ്കൂൾ, കെ.ജി.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്ന റോഡിലാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയത്. നേരത്തെ ഇവിടുത്തെ വെള്ളം ഒഴുകി പോയിരുന്ന കാന സ്വകാര്യ വ്യക്തി അടച്ചിരുന്നു. ഇത് വെള്ളക്കെട്ട് കൂടുതൽ രൂക്ഷമാക്കിയെന്നാണ് ആക്ഷേപം.
നൂറുകണക്കിന് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡിൽ വെള്ളക്കെട്ട് ഒഴുവാക്കുവാൻ കളക്ടർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായാൽ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുമെന്നാണ് നാട്ടുകാരുടെ ആശങ്ക. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളക്കെട്ട് ദുരിതമുണ്ടാക്കുന്നുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുവാൻ പഞ്ചായത്ത് മുൻ കയ്യെടുത്ത് ബദൽ സംവിധാനം നടപ്പിലാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.