തൃശൂർ: വാടാനപ്പിള്ളിയിൽ പെൺകുട്ടി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. തൃശൂർ ടൗൺഹാളിൽ വനിതാ കമ്മിഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. അതിരപ്പിള്ളി മേഖലയിൽ ബാല്യവിവാഹം നടന്നുവെന്ന സംശയത്തിലും അന്വേഷണം നടത്തും. ഗാർഹിക പീഡനം സംബന്ധിച്ച തൃശൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ ഭർത്താവും കുടുംബവും വാങ്ങിയ 57 പവൻ സ്വർണം തിരികെ നൽകാൻ കമ്മിഷൻ നിർദ്ദേശിച്ചു.
വരടിയത്തെ സ്വകാര്യ കമ്പനിയിൽ നാലു സ്ത്രീ തൊഴിലാളികളെ 55 വയസിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്നും വിരമിക്കൽ പ്രായം 58 ആക്കണമെന്നുമുള്ള പരാതിയിൽ ലേബർ കമ്മിഷണറോട് റിപ്പോർട്ട് തേടും. റിപ്പോർട്ട് ലഭിച്ച ശേഷമുള്ള സിറ്റിംഗിൽ തൊഴിലുടമ ഹാജരാകണമെന്ന് കമ്മിഷൻ നിർദേശിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നടക്കാൻ സാധിക്കാത്ത അമ്മയെ മകൻ സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ വൃദ്ധയ്ക്ക് പ്രതിമാസം 3,000 രൂപ നൽകാൻ മകനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിയമപരമായ ഇടപെടലിന് ലീഗൽ അതോറിറ്റിയെ ചുമതലപ്പെടുത്തി. സ്ത്രീകൾക്കെതിരായ സൈബർ അക്രമങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണെന്നും ഇതിനെതിരെ കർശന നടപടി ആവശ്യമാണെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. സൈബർ മേഖലയിലെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച അവബോധം സ്ത്രീകളിൽ ഉണ്ടാക്കുന്നതിനായി അവബോധ ക്ലാസുകൾ ഉൾപ്പെടെയുള്ളവ സംഘടിപ്പിച്ചു വരികയാണെന്നും കമ്മിഷൻ പറഞ്ഞു.
127 പരാതികളാണ് കമ്മിഷൻ പരിഗണിച്ചത്. ഇതിൽ 38 എണ്ണം തീർപ്പാക്കുകയും നാലു എണ്ണം വകുപ്പുതല റിപ്പോർട്ടുകൾ ലഭിക്കുന്നതിനായി മാറ്റിവയ്ക്കുകയും 85 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു. അംഗങ്ങളായ ഷിജി ശിവജി, ഇ.എം. രാധ എന്നിവരും അദാലത്തിൽ പങ്കെടുത്തു..