kda-kseb-office-vellakket
വെള്ളക്കെട്ടിക്കിടക്കുന്ന വെള്ളിക്കുളങ്ങര കെ എസ് ഇ ബി ഓഫിസിലേക്കുള്ള വഴി

വെള്ളിക്കുളങ്ങര: ഇത് വെള്ളിക്കുളങ്ങര കെ.എസ്.ഇ.ബി ഓഫീസിലേക്കുള്ള റോഡ്. വൈദ്യുതി ബിൽ അടയ്ക്കാനും മറ്റും എത്തണമെങ്കിൽ ഇടവഴിയിലെ ഉറവയും വെള്ളക്കെട്ടും പിന്നെ കല്ലും കുഴികളും നിറഞ്ഞ വഴിയും കടക്കണം. കുറച്ചല്ല,​ നൂറുമീറ്ററോളം താണ്ടിവേണം പ്രധാന റോഡിൽ നിന്നും വെള്ളിക്കുളങ്ങര കോർമല റോഡിലെ കെ.എസ്.ഇ.ബി ഓഫീസിൽ എത്താൻ.

വൈദ്യുതി ബിൽ അടയ്ക്കാൻ എത്തുന്നവർ യാത്രാദുരിതം ഓർത്ത് ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. എന്നാൽ ചില ഓട്ടോറിക്ഷക്കാർ മോശം വഴിയായതിനാൽ ഓട്ടം വരുന്നില്ലെന്ന പരാതിയുമുണ്ട്. വേനലിൽ യാത്രാ സൗകര്യത്തിന് കല്ലും ക്വാറി വേസ്റ്റും നിരത്തിയത് വെള്ളക്കെട്ടായതോടെ ദുരിതമായി. വർഷങ്ങളായി അനുഭവിക്കുന്ന ദുരിതയാത്രയെപ്പറ്റി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല.

വഴിയിൽ സ്വകാര്യ വ്യക്തികൾക്ക് കൂടി അവകാശമുള്ളതിനാൽ വൈദ്യുത ബോർഡിന് നിർമാണം സാദ്ധ്യമല്ല,​ പഞ്ചായത്ത് മുൻകൈ എടുത്ത് യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ പക്ഷം. കോടശ്ശേരി പഞ്ചായത്തിൽപ്പെട്ട സ്ഥലത്താണ് വെള്ളിക്കുളങ്ങര കെ.എസ്.ഇ.ബി ഓഫീസ് പ്രവർത്തനം. ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ഓഫിസിലേക്കുള്ള യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം.

ശരണമില്ലാ പാത

മുൾവഴിയായി പ്രധാന റോഡിൽ നിന്നും കെ.എസ്.ഇ.ബി ഓഫീസിലേക്കുള്ള 100 മീ. ഇടവഴി

വൈദ്യുതി ബിൽ അടയ്ക്കണമെങ്കിൽ ഓട്ടോറിക്ഷയെ ആശ്രയിക്കണം,​ ഡ്രൈവർമാർക്കും പരിഭവം

വേനലിൽ റോഡിലിട്ട കല്ലും ക്വാറി വേസ്റ്റും മഴക്കാലമായതോടെ യാത്ര ദുരിതപൂർണമാക്കി

മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിട്ടും പരിഹാരം ഇല്ലെന്ന് ഉപയോക്താക്കൾ

സ്വകാര്യ വ്യക്തിക്ക് അവകാശം ഉള്ളതിനാൽ പഞ്ചായത്ത് ഇടപെട്ട് പരിഹരിക്കണമെന്ന്