കൊടുങ്ങല്ലൂർ: നഗരസഭാ പ്രദേശത്തെ സുപ്രധാനമായ സർക്കാർ ഓഫീസുകളിൽ ചിലത് നാഥനില്ലാ കളരികളായത് നാട്ടുകാർക്ക് വിനയായി. കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, പട്ടികജാതി വികസന ഓഫീസർ തുടങ്ങിയ തസ്തികകളിൽ ആളില്ലാത്തതാണ് നാട്ടുകാർക്ക് വിനയായിട്ടുള്ളത്.

കൃഷി ഓഫീസർ കഴിഞ്ഞ ഒരു വർഷമായി അവധിയിലാണ്. നിയമാനുസൃതം ലീവ് നൽകാതെ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയാണെന്ന ആക്ഷേപമുണ്ട്. ഇക്കാര്യം തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസറെയും കൃഷി ഡയറക്ടറെയും പല തവണ അറിയിച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ പോലും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഇക്കാര്യത്തിൽ ആവശ്യമായ നടപടി എടുക്കുവാനോ, പുതിയ ഓഫീസറെ നിയമിക്കുവാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഒരു ഉദ്യോഗസ്ഥ മാത്രമാണ് ഇപ്പോൾ കൃഷി ഭവനിൽ ജോലി ചെയ്യുന്നത്. ഉദ്യോഗസ്ഥരില്ലാത്തതിനാൽ കാർഷിക പദ്ധതികൾ നടപ്പിലാക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. കർഷക കൂട്ടായ്മകൾ സജീവമായി പ്രവർത്തിച്ചു പോരുന്ന മേഖലയിൽ ഇതുമൂലം ഇവയെ ഏകോപിപ്പിക്കാനോ, പ്രോത്സാഹിപ്പിക്കാനോ, യഥാസമയം ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനോ കഴിയാത്ത അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.

ലോകമലേശ്വരം വില്ലേജ് ഓഫീസർ റിട്ടയർ ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുവരെയും പകരം ആളെ നിയമിച്ചിട്ടില്ല. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റും വേണ്ട ജാതി - വരുമാന സർട്ടിഫിക്കറ്റുകൾ സമയത്തിന് ലഭിക്കാത്ത സാഹചര്യം ഇതുമൂലമുണ്ട്.

മിനി സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന ഓഫീസ് നാഥനില്ലാത്ത അവസ്ഥയിലായതിനാൽ പ്രളയ കാലം മുതൽക്കുള്ള വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ ഏറെയാണ്. ഇതിന്റെ പേരിലുണ്ടായിട്ടുള്ള സമരങ്ങൾ പോലും വൃഥാവിലായി.

എന്നാൽ ഇതെല്ലാം പൊതു സമൂഹത്തിലുണ്ടാക്കി കൊണ്ടിരിക്കുന്ന ഭരണ വിരുദ്ധവികാരം തിരിച്ചറിഞ്ഞ് സി.പി.എം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

..................................

കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, പട്ടികജാതി വികസന ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ആളില്ലാത്തത്.

................................

കൃഷി ഓഫീസറുടെ ഒഴിവ് നികത്തണമെന്ന്

ഒരു വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന കൃഷി ഫീൽഡ് ഓഫീസറുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്നും വില്ലേജ് ഓഫീസറെ പകരം നിയമിക്കാൻ നടപടി സ്വീകരിക്കണമെന്നും കൗൺസിലർ ടി.പി. പ്രഭേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷിഭവനിൽ കൃഷി ഓഫീസറുടെ ഒഴിവു നികത്തി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നു് കേരള കർഷകസംഘം ലോകമലേശ്വരം വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന കർഷക യോഗവും ആവശ്യമുന്നയിച്ചിട്ടുണ്ട്.